കാലിഫോര്‍ണിയ: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മെറ്റ. പാര്‍ലമെൻ്ററി സമിതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് മെറ്റ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സുക്കര്‍ബര്‍ഗ് നടത്തിയ പരാമര്‍ശം പല രാജ്യങ്ങളെ സംബന്ധിച്ചും സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ശരിയായിരുന്നില്ലെന്ന് മെറ്റ വ്യക്തമാക്കി.
മെറ്റയ്ക്ക് വേണ്ടി മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ ശിവകാന്ത് താക്കുറല്‍ ആണ് സമൂഹമാധ്യമമായ എക്‌സിലൂടെ മാപ്പ് പറഞ്ഞത്. ‘ കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ പല രാജ്യത്തെയും ഭരണകക്ഷികളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് സത്യമാണെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ശരിയല്ല. ഈ അശ്രദ്ധമായ തെറ്റിന് ഞങ്ങള്‍ മാപ്പ് പറയുന്നു’, അദ്ദേഹം പറഞ്ഞു. പിന്നാലെ ഇത് ഇന്ത്യന്‍ ജനതയുടെ വിജയമാണെന്ന് പാര്‍ലമെന്ററി ഐടി കമ്മിറ്റി ചെയര്‍മാന്‍ നിഷികാന്ത് ദുബേ എക്‌സില്‍ കുറിച്ചു.
ജോ റോഗണ്‍ എക്സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റിലാണ് സക്കര്‍ബര്‍ഗ് തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിച്ചത്. കോവിഡിനോടുള്ള സമീപനം പല സര്‍ക്കാരുകളുടെയും വിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നുമായിരുന്നു സുക്കര്‍ബര്‍ഗിന്റെ പരാമര്‍ശം. ഇതിനിടയിലായിരുന്നു ഉദാഹരണമെന്ന നിലയില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് സുക്കര്‍ബര്‍ഗ് പരാമര്‍ശിച്ചത്.
പിന്നാലെ പാര്‍ലമെന്റ് സമിതി മെറ്റ പ്രതിനിധികള്‍ക്ക് സമന്‍സ് അയക്കുകയായിരുന്നു. തെറ്റായ വിവരം നല്‍കിയതിന് മെറ്റയെ കമ്മിറ്റി വിളിച്ച് വരുത്തുമെന്ന് നിഷികാന്ത് ദുബേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവും സക്കര്‍ബര്‍ഗിനെ വിമര്‍ശിച്ച് രംഗത്തെത്തി.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ 64 കോടി വോട്ടര്‍മാരിലാണ് 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചു. കോവിഡിന് ശേഷമുള്ള 2024ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയടക്കമുള്ള പല സര്‍ക്കാരുകളും തോറ്റുവെന്ന സുക്കര്‍ബര്‍ഗിന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്’, അദ്ദേഹം കുറിച്ചു.
Leave a Comment