കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ആറു ദിവസങ്ങളായി കാക്കനാട് ജയിലിലായിരുന്നു ബോബി ചെമ്മണൂർ കഴിഞ്ഞിരുന്നത്. അതേ സമയം ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായി പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കറുത്തത്, തടിച്ചത് മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. കറുത്തിട്ടാണ്, തടിച്ചിട്ടാണ്,കുള്ളനാണ് തുടങ്ങിയ പരാമർശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ഒരു സ്ത്രീയെ അവരുടെ രൂപം നോക്കി വിലയിരുത്തിയാൽ അത് നിർവചിക്കുന്നത് അവരെയാണ് നിങ്ങളെയാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയെ അറിയിച്ചു. തുടർന്ന് ബോബി ചെമ്മണൂരിന് ജാമ്യം നൽകാമെന്ന് കോടതി നിലപാടെടുത്തു.
എന്നാൽ ജാമ്യഹർജി പരിഗണിക്കവേ ബോബി ചെമ്മണൂർ നടത്തിയ പരിപാടികളുടേയും പ്രസ്തവനകളുടേയും ചില ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. ഇതിൽ പ്രോസിക്യൂഷൻ നൽകിയതും പ്രതിഭാഗം നൽകിയതും ഉൾപ്പെടുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടർന്ന് കോടതി ചോദിച്ചത്. മാത്രമല്ല ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തിൽ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലും യോജിക്കാവില്ല. ബോബിയെ ചടങ്ങിൽ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നടിയെ മോശമാക്കാൻ ബോബി ബോധപൂർവം ശ്രമിച്ചെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. അദ്ദേഹം തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോഗം തെറ്റായ ഉദ്ദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണൂരിന്റെ റിമാൻഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ ഈ കേസിൽ ബോബിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.
Leave a Comment