കൊച്ചി:തനിക്കെതിരെ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും താൻ പ്രഖ്യാപിച്ച ‘യുദ്ധം’ ഇവിരെ കൊണ്ടൊന്നു നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് നടി ഹണി റോസ് . യുട്യൂബിൽ തന്റെ ചിത്രം വച്ച് മോശം തംപ്നെയിലോടു കൂടി വിഡിയോ പോസ്റ്റ് ചെയ്ത 20 പേർക്കെതിരെ കൂടി ഉടൻ പരാതി നൽകും. ഇതിന്റെ ഡിജിറ്റൽ തെളിവുകളും പൊലീസിനു കൈമാറും.
നേരത്തേ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചവർക്കെതിരെ ഹണി റോസ് പരാതി നൽകിയതിനെ തുടർന്ന് മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതോടെ തന്റെ പോരാട്ടം ബോബിയിൽ മാത്രമായി ഒതുങ്ങില്ല എന്നാണു ഹണി റോസ് വ്യക്തമാക്കിയിരിക്കുന്നത്. ‘‘സമൂഹമാധ്യമങ്ങളിലെ അസഭ്യ, അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു’’ എന്നായിരുന്നു ബോബിക്കെതിരെ പരാതി നൽകുന്നതിനു മുൻപു ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇതിനു പിന്നാലെ വ്യവസായിക്കെതിരെ പരാതി നൽകുകയും ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു.
‘ബോബി പ്രാകൃതനും കാടനും പരമനാറിയുമാണ്, അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അതു ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി, ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി?’
ഇപ്പോഴും തനിക്കെതിരെ ലൈംഗികാധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണു യുട്യുബർമാർക്കെതിരെയും ഹണി റോസ് പരാതി നൽകുന്നത്. ബോബി നിരന്തരം തന്നെ അധിക്ഷേപിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകൾ നേരത്തേതന്നെ പൊലീസിനു കൈമാറിയിരുന്നു. ഇത്തരം പരാമർശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള യുട്യൂബ് വിഡിയോകൾക്കെതിരെയാണു നടി ഇനി പരാതി നൽകുന്നത്. ബോബിയെ പോലുള്ളവർ നടത്തുന്ന അധിക്ഷേപങ്ങളാണ് ഇത്തരം യുട്യൂബ് വിഡിയോകൾ ചെയ്യുന്നവർക്കും ധൈര്യം കൊടുക്കുന്നതെന്നു ഹണി റോസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
Leave a Comment