കൊച്ചി: ‘കോടതിയെ ധിക്കരിക്കുന്നതിനു പൊന്നാട ഒക്കെ കിട്ടുന്നുണ്ടോ? വാങ്ങാൻ മടിയൊന്നും കാണിച്ചില്ലല്ലോ? വലിയ ഹീറോ ആയി നിൽക്കുവാണല്ലേ? പത്തു പേർ ചുറ്റും കൂടി നിന്ന് കയ്യടിച്ചാൽ എല്ലാം ആയി എന്നാണ്. ആ പൊന്നാട അണിയിച്ചത് ആരൊക്കെയാണ് എന്നു കൂടി സത്യവാങ്മൂലത്തിൽ ഒന്നു പറഞ്ഞേക്കണം. ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം. എന്താണ് ചെയ്യാൻ പറ്റുന്നതെന്ന് കാണിച്ചു തരാം’, ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവ ആന എഴുന്നെള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ ലംഘിച്ചതിന് കോടതിയലക്ഷ്യ നടപടി നേരിടുന്ന ക്ഷേത്രം ദേവസ്വം ഓഫിസർ രഘുരാമനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയ കാര്യങ്ങളാണിതൊക്കെ.
‘ജനങ്ങളുടെ ജീവൻ വച്ചാണ് നിങ്ങൾ കളിക്കുന്നത് എന്നത് ഓർക്കണം. നിയമത്തോട് കളിക്കാൻ നിൽക്കരുത്. നിയമത്തോട് കളിച്ചാൽ കളി പഠിപ്പിക്കും. ഞങ്ങൾക്ക് ആരെയും പേടിയില്ല, ഞങ്ങളെ ആർക്കും ഭയപ്പെടുത്താനും സാധിക്കില്ല’– കോടതി ഓർമിപ്പിച്ചു.
കൂടാതെ കോടതിയലക്ഷ്യ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ രഘുരാമനോടും ആന എഴുന്നെള്ളിപ്പിൽ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ സർക്കാരിനോടും ജസ്റ്റിസുമാരായ എ. ജയശങ്കരൻ നമ്പ്യാർ, പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ കലക്ടർക്കും നിർദേശം നൽകി.
2012ലെ ആന പരിപാലന ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ആന എഴുന്നെള്ളിപ്പിനായി ഹൈക്കോടതി രൂപീകരിച്ച മാർഗനിർദേശങ്ങൾ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മാർഗനിർദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തത് 2012ലെ നിയമം ചൂണ്ടിക്കാട്ടിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ നിയമത്തിൽ ആനയും ആളുകളുമായി ‘ആവശ്യമായ ദൂരം’ എന്ന് പറയുന്നുണ്ട്. ഇത് എത്രയാണെന്ന് തീരുമാനിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലേ എന്ന് കോടതി ആരാഞ്ഞു. തങ്ങൾ നിയമനിർമാണം നടത്തുന്നില്ലെന്നും എന്നാൽ അത് ചെയ്യേണ്ടവർ അനിശ്ചിതാവസ്ഥ പുലർത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യം അടുത്ത തിങ്കളാഴ്ച അറിയിക്കാൻ നിർദേശിച്ചു.
ഇതിനു പിന്നാലെയായിരുന്നു തൃപ്പൂണിത്തുറയിലെ കോടതിയലക്ഷ്യ കേസ് കോടതി പരിഗണിച്ചത്. സുപ്രീം കോടതി ഹൈക്കോടതി മാർഗനിർദേശം സ്റ്റേ ചെയ്തെങ്കിലും ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട് നേരത്തെ സ്വീകരിച്ച കോടതിയലക്ഷ്യത്തിൽ എന്താണ് പറയാനുള്ളത് എന്ന കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. തുടർന്നാണ് കോടതിയിൽ ഹാജരായിരുന്ന ദേവസ്വം ഓഫീസർ പൊന്നാട സ്വീകരിച്ച കാര്യവും മറ്റും കോടതി ആരാഞ്ഞത്. കോടതിയോടും നിയമവ്യവസ്ഥയോടും കുറച്ച് ബഹുമാനം കാണിക്കാമെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ഭഗവാന്റെ പേരും പറഞ്ഞാണ് ചിലർ ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്നും അഭിപ്രായപ്പെട്ടു.
Leave a Comment