കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് പ്രത്യേക സംഘം അന്വേഷിക്കും. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ നടി ഹണി റോസിൻറെ മൊഴി ഉടൻ രേഖപ്പെടുത്തും.
ഹണി റോസ് നൽകിയതു ലൈംഗിക അധിക്ഷേപത്തിനെതിരെയുള്ള ശക്തമായ വകുപ്പുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള കൃത്യമായ പരാതി. നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷമാണു നടി വിശദമായ പരാതി തയാറാക്കി പൊലീസിനു നൽകിയത്.
സംഭവത്തെപ്പറ്റിയുള്ള വാർത്ത നൽകുമ്പോൾ തന്റെ പേരു മറയ്ക്കരുതെന്നും ഹണി റോസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. കണ്ണൂരിൽ ചെമ്മണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉദ്ഘാടന വേദിയിൽ അപമാനകരമായി പെരുമാറിയപ്പോൾ ഉള്ളിൽ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്ന ചിന്തയിലാണു ചിരിച്ചുനിന്നതെന്നും സൂചിപ്പിച്ചു. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്.
തലശ്ശേരിയിലെ ബ്യൂട്ടി പാർലർ ആൻഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന്, ചെമ്മണൂർ ജ്വല്ലേഴ്സിന്റെ തൃപ്രയാർ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാൻ താൽപര്യം ഇല്ലെന്ന് അറിയിച്ചു. പിന്നീട് പ്രതികാരബുദ്ധിയോടെ പല അഭിമുഖങ്ങളിലും അനാവശ്യമായി തന്റെ പേരു പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമർശങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു
ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. നടിക്കെതിരെ അശ്ലീല കമൻ്റ് ഇട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. സൈബർ അറ്റാക്കിന്റെ വലിയ ഇരയാണ് താനെന്നും അവർ പറഞ്ഞു. കമന്റിടുന്നവർ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. അയാൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്കെതിരെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകളും പോലീസിന് കൈമാറി. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഷാജിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Leave a Comment