നിലമ്പൂർ: ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തെന്ന കേസിൽ ജാമ്യം ലഭിച്ച പിവി അൻവർ എംഎൽഎ ജയിൽമോചിതനായി. പിവി അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഞായറാഴ്ച രാത്രിയാണ് അൻവർ അറസ്റ്റിലായത്. പിന്നീട് ഒരു ദിവസം തവനൂർ സെൻട്രൽ ജയിലിലായിരുന്നു അൻവർ.
ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ദൈവത്തിന് നന്ദിയെന്ന് അൻവർ പ്രതികരിച്ചു. വന്യജീവി ഭീഷണി അങ്ങേയറ്റമാണ്. 100 ദിവസമായാലും ജയിലിൽ കിടക്കാൻ തയാറായി വീട്ടുകാരോട് പറഞ്ഞിട്ടാണ് ഇറങ്ങിയത്. പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു. അവിടെയെല്ലാം അത്താണിയായത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജുഡീഷ്യൽ സംവിധാനമാണ്. അവിടെനിന്ന് നീതി കിട്ടി.’’– അൻവർ പറഞ്ഞു.
കൂടാതെ പൊതുസമൂഹവും മാധ്യമങ്ങളും പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങി മുഴുവൻ പേരും ഈ വിഷയത്തിൽ ധാർമിക പിന്തുണ നൽകിയെന്നതാണ് തനിക്ക് ആശ്വാസമായത്. താമരശേരി, ബത്തേരി ബിഷപ്പുമാർ, സിപി ജോൺ തുടങ്ങിയവരും പിന്തുണച്ചതായും അൻവർ പറഞ്ഞു.
50,000 രൂപയുടെ ആൾജാമ്യത്തിലും പൊതുമുതൽ നശിപ്പിച്ച വകയിൽ 35,000 രൂപ കെട്ടിവയ്ക്കണം, കൂടാതെ എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, തെളിവു നശിപ്പിക്കാനോ അന്വേഷണത്തെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു.
ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്. പൂട്ടുതകർത്ത് ഉള്ളിൽക്കയറി സാധനസാമഗ്രികൾ നശിപ്പിച്ചതിന്റെ പേരിൽ എംഎൽഎയെ ഒന്നാംപ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.
നേതാവ് പുറത്തേക്ക്, അനുയായി അകത്തേക്ക്, ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം, ഇഎ സുകുവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Leave a Comment