കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച പ്രതികൾക്ക് ‘കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകം കൈമാറി പി ജയരാജൻ. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നായിരുന്നു മാധ്യമങ്ങൾക്കു മുന്നിലുള്ള ജയരാജന്റെ പ്രതികരണം.
തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവെച്ചതാണ്, അവ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ടതെന്നും അത്തരം ശ്രമം വിജയിക്കില്ല. രാഷ്ട്രീയ കൊലപാതങ്ങൾ എല്ലാം അവസാനിപ്പിക്കാനാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. എന്നാൽ, ആഗ്രഹത്തിനുപരിയായി ഒട്ടേറെ അക്രമ സംഭവങ്ങൾ സമൂഹത്തിൽ നടക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. പക്ഷെ, കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ മാധ്യമങ്ങൾക്ക് വാർത്തയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുടെ കോപ്പിരാട്ടികൊണ്ടൊന്നും കമ്യൂണിസ്റ്റുകാർ പേടിച്ചുപോവില്ല. സിപിഎംകാർ കൊല്ലപ്പെടുമ്പോൾ ധാർമിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജൻ ചോദിച്ചു. പല കോടതി വിധികളും ഉപരികോടതികളെ സമീപിച്ച് നിരപരാധികളാണെന്ന് പിന്നീട് തെളിഞ്ഞ സംഭവങ്ങളുണ്ട്. അതുപോലെ ഈ കേസിലും പോരാടുമെന്ന് പ്രതികൾ അറിയിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.
വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം.
മകൾക്ക് സമൂഹമാധ്യമത്തിലൂടെ സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാർഥിയെ മർദ്ദിച്ചു, 15 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ
‘ജയിൽ പെരിയ കുറ്റവാളികൾക്ക് സ്വർഗലോകം പോലെ’ എന്നായിരുന്നു ശരത് ലാലിന്റെ അച്ഛൻ സത്യനാരായണന്റെ പ്രതികരണം. സിപിഎം എന്നാൽ എന്തുമാകാമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സിപിഎം രീതി നാടിനെ ഭയപ്പെടുത്തുന്നു എന്നും സത്യനാരായണൻ പറഞ്ഞു. സിപിഎമ്മിന് ഇനിയും തിരിച്ചറിവായിട്ടില്ലെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെയെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും പറഞ്ഞു.
ഞായറാഴ്ച വൈകീട്ടാണ് പെരിയ കേസിലെ ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളെയും പത്താംപ്രതിയെയും കണ്ണൂരിലെത്തിച്ചത്. കേസിൽ പത്ത് പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സിപിഎം നേതാവും മുൻ ഉദുമ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നാലുപ്രതികളെ അഞ്ചുവർഷത്തെ തടവിനുമാണ് കൊച്ചി സിബിഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്.
എ. പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ഗിജിൻ കല്യോട്ട്, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ. ഇവർക്ക് പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ. സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.
Leave a Comment