സിഡ്‌നി: ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ കളിക്കില്ല. രോഹിതിനു പകരം ജസ്പ്രിത് ബുംറ ടീമിനെ നയിക്കും. ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു നില്‍ക്കുന്ന രോഹിത് സ്വയം മാറാന്‍ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രോഹിത് അവസാന ടെസ്റ്റ് കളിക്കുമോ എന്ന ചോദ്യത്തിനു പരിശീലകന്‍ ഗൗതം ഗംഭീര്‍ കൃത്യമായ ഉത്തരം പറഞ്ഞിരുന്നില്ല. അന്തിമ ഇലവനെ മത്സരത്തിന്റെ അന്ന് പ്രഖ്യാപിക്കമെന്നായിരുന്നു മറുപടി.
അഞ്ചാം ടെസ്റ്റില്‍ രോഹിത് പിന്‍മാറുന്നതിലൂടെ നാലാം ടെസ്റ്റില്‍ പുറത്തിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും. പേസര്‍ ആകാശ് ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ഇടം കാണും. ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യവും തിരിച്ചെത്തും.
രോഹിതിന്റെ ടെസ്റ്റ് കരിയറിനു ഏതാണ്ട് അവസാനമായെന്നു ഈ തീരുമാനത്തിലൂടെ മനസിലാക്കാം. കഴിഞ്ഞ 5 ഇന്നിങ്‌സുകളില്‍ നിന്നായി താരം ആകെ കണ്ടെത്തിയത് 31 റണ്‍സ് മാത്രമാണ്.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയോടെ രോഹിത് ശര്‍മയെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലിയെ വീണ്ടും ടെസ്റ്റ് ടീം നായകനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടെസ്റ്റ് ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും സമീപ കാലത്ത് രോഹിതിന്റെ പ്രകടനം ദയനീയമാണ്. ന്യൂസിലന്‍ഡിനെതിരെ ഹോം ഗ്രൗണ്ടില്‍ 3 ടെസ്റ്റുകളടങ്ങിയ പരമ്പര അടിയറവ് വച്ചതോടെ രോഹിതിന്റെ കസേരയുടെ ആണി ഇളകി തുടങ്ങിയിരുന്നു. പിന്നാലെ ഓസീസിനെതിരായ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ രോഹിതിന്റെ അഭാവത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ ടീം വിജയിക്കുകയും ചെയ്തതോടെ രോഹിതിന്റെ ക്യാപ്റ്റന്‍സി കൂടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ട അവസ്ഥയിലായി.
രോഹിത് രണ്ടാം ടെസ്റ്റ് മുതല്‍ ടീമില്‍ ചേര്‍ന്നു. എന്നാല്‍ മൂന്ന് ടെസ്റ്റിലുമായി ആറ് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത താരം പക്ഷേ ഒരു ഘട്ടത്തില്‍ പോലും ആത്മവിശ്വാസത്തോടെ ക്രീസില്‍ നിന്നില്ല.
ഇന്ത്യയുടെ ഏറ്റവും വിജയിച്ച ടെസ്റ്റ് നായകനെന്ന പെരുമയുള്ള താരമാണ് കോഹ്‌ലി. സൂപ്പര്‍ ബാറ്റര്‍ ക്യാപ്റ്റനായ ശേഷം ഇന്ത്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 68 ടെസ്റ്റില്‍ 40 ജയവും 17 പരാജയങ്ങളുമാണ് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യക്കുള്ളത്. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടിയ ക്യാപ്റ്റനും കോഹ്‌ലി തന്നെ. 2018-19 സീസണിലാണ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര സ്വന്തമാക്കിയത്.
Leave a Comment