സന: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. യെമൻ പ്രസിഡന്റ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കുന്നത്.
അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്നു നിമിഷപ്രിയയുടെ മോചനശ്രമത്തിനു മുന്നിലുള്ള അഡ്വ.സുഭാഷ് ചന്ദ്രൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്. ‘‘ചാനലിലാണു വാർത്ത കണ്ടത്. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ആക്‌ഷൻ കൗൺസിലിന്റെ ഗ്രൂപ്പിൽ ആരും അറിഞ്ഞിട്ടില്ല. യെമനിലുള്ള ആളുകൾ കൂടിയുള്ള ഗ്രൂപ്പാണിത്. നിമിഷപ്രിയയുടെ മോചനത്തിനു മുന്നോടിയായുള്ള ചർച്ചകളുടെ ഒന്നാംഘട്ടത്തിനു തുക കൊടുത്തിരുന്നു. അടുത്തഘട്ട ചർച്ചയ്ക്കു പണം ചോദിച്ചിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുവെന്ന വിവരമാണു നമുക്കു കിട്ടിയിരുന്നത്. നിമിഷയുടെ അമ്മ പ്രേമകുമാരി യെമനിലുണ്ട്. അവരെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്’’– സുഭാഷ് ചന്ദ്രൻ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യൻ എംബസി നിയോഗിച്ച അഭിഭാഷകൻ അബ്ദുല്ലാ അമീർ ചർച്ചകളാരംഭിക്കാൻ രണ്ടാം ഗഡുവായി 20,000 യുഎസ് ഡോളർ കൂടി (ഏകദേശം 16.60 ലക്ഷം) ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചർച്ചകൾ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്. ആദ്യ ഗഡുവായി 19871 ഡോളറിന്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണു ചർച്ചകൾ ആരംഭിക്കാൻ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നൽകണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകൻ.
ആദ്യ ഗഡു തുക വിവിധ പ്രദേശങ്ങളിലെ ജനകീയ പിരിവുവഴി ശേഖരിച്ചതായിരുന്നു. ഈ തുക ഏതു രീതിയിലാണു വിനിയോഗിച്ചതെന്നറിയാതെ എങ്ങനെയാണ് അടുത്ത ഗഡു ശേഖരിക്കുകയെന്നാണു ധനശേഖരണത്തിനു മുൻകൈ എടുത്ത സേവ് നിമിഷപ്രിയ രാജ്യാന്തര ആക്‌ഷൻ കൗൺസിലെ പ്രവർത്തകർ ചോദിക്കുന്നത്. തലാലിന്റെ കുടുംബവും ഗോത്രത്തലവന്മാരും മാപ്പു നൽകാതെ നിമിഷപ്രിയയുടെ മോചനം സാധ്യമാകില്ല. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിട്ട് 5 മാസമായി. സനായിൽ സേവ് ആക്‌ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ വസതിയിലാണു പ്രേമകുമാരിയുള്ളത്.
Leave a Comment