ഗാസ: വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡ് അവസാനിച്ചെന്നും 19 ഹമാസ് തീവ്രവാദികളെ വധിച്ചെന്നും വെളിപ്പെടുത്തല്‍. സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അവകാശപ്പെട്ടു. ഹമാസ് അനുകൂല ഹെല്‍ത്ത് അഥോറിട്ടി നേരത്തേ ആശുപത്രി ജീവനക്കാരടക്കം അമ്പതുപേര്‍ കൊല്ലപ്പെട്ടെന്നാണ് അവകാശപ്പെട്ടത്.
ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയോടെ റെയ്ഡ് അവസാനിച്ചെന്നും ഡയറക്ടര്‍ അടക്കം തീവ്രവാദികളെന്നു സംശയിക്കുന്ന 240 പേരെ കസ്റ്റഡിയില്‍ എടുത്തെന്നും 600 പേരെ ഒഴിപ്പിച്ചെന്നും വടക്കന്‍ ഗാസയിലെ ജബാലിയ മേഖലയിലെ സൈനിക നടപടികള്‍ അവസാനിപ്പിച്ചെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. ജബാലിയയിലെ ഹമാസിന്റെ അവസാനത്തെ പോരാട്ടമായിരുന്നു ആശുപത്രിയില്‍ നടന്നത്. നൂറുകണക്കിനു ഭീകരര്‍ ആശുപത്രിയെ ഇസ്രയേലിന്റെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാനുള്ള കേന്ദ്രമായിട്ടാണ് ഉപയോഗിച്ചതെന്നും ഐഡിഎഫ് ആരോപിക്കുന്നു.
940 പലസ്തീനികള്‍ സൈനിക ചെക്ക്‌പോയിന്റുകളിലൂടെ പുറത്തേക്കു പോയിട്ടുണ്ട്. 240 പേര്‍ ഭീകരരുമായി ബന്ധമുണ്ടെന്നു കണ്ടെത്തി അറസ്റ്റിലായി. 600 സാധാരണക്കാരായ ജനങ്ങളെയും രോഗികളും ആശുപത്രി ജീവനക്കാരുമായ 95 പേരെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. പിടിയിലായ 240 പേരില്‍ 15 പേര്‍ ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചവരുടെ കൂട്ടത്തിലുള്ളവരാണ്. അന്നത്തെ ആക്രമണമാണ് ഇന്നത്തെ യുദ്ധത്തിലേക്കു നയിച്ചത്. ബാക്കിയുള്ളവരില്‍ അധികവും ഹമാസിന്റെ കമാന്‍ഡര്‍മാരാണെന്നും പറയുന്നു.
ഹമാസ് തീവ്രവാദികളില്‍ ചിലര്‍ രോഗികളും ആശുപത്രി ജീവനക്കാരും ചമഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിലര്‍ സ്ട്രച്ചറുകളിലും ആംബുലന്‍സുകളിലും പുറത്തേക്കു പോകാന്‍ ശ്രമിച്ചു. ആദ്യം പുറത്തേക്കുപോകാന്‍ ശ്രമിച്ച 21 പേരില്‍ 13 പേര്‍ ഭീകരരായിരുന്നെന്നും ഐഡിഎഫ് പറഞ്ഞു. യുദ്ധത്തിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലാകുന്നതും ആശുപത്രിയിലെ റെയ്ഡിനുശേഷമാണെന്നും ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിക്കു ചുറ്റുമായി നിരവധി സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയെന്നുംപ ആശുപത്രിക്കുള്ളില്‍നിന്ന് ഗ്രനേഡുകളും തോക്കുകളും സൈനിക ഉപകരണങ്ങളും കണ്ടെടുത്തെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
ആശുപത്രിക്കു നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നും മെഡിക്കല്‍ സ്റ്റാഫുകളെ ഇരയാക്കിയിട്ടില്ലെന്നും ഒഴിപ്പിക്കപ്പെട്ട രോഗികളെ ജബാലിയയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്കു മാറ്റിയെന്നും ഐഡിഎഫ് പറയുന്നു.
Leave a Comment