ഏഴരപ്പതിറ്റാണ്ടുകാലം മലയാളികളെ തന്റെ തൂലികയിലൂടെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്തിയ സാഹിത്യത്തിന്റെ കുലപതിക്ക് മലയാളക്കര ഇന്ന് വിട നൽകും. ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’ എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അണയും വരെ അക്ഷരങ്ങൾകൊണ്ട് ദീപ്തശോഭ നൽകി.
എംടി എന്ന വടവൃക്ഷത്തണലിൽ അദ്ദേഹത്തിന്റെ ബന്ധുജനങ്ങളും വായനക്കാരും സുഹൃത്തുക്കളും പരിചിതരും ആശ്രയം കൊണ്ടു. വായനയുടെ ലോകത്ത് അവർ വിരാജിച്ചു. മലയാളത്തിന്റെ സ്വന്തം എംടി എന്ന രണ്ടക്ഷരം ഇന്ന് വൈകിട്ട് നാലുമണിയോടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിൽ നിന്നും പടിയിറങ്ങുകയാണ്. ആ കാലം ഇനി ഓർമയുടെ നാലുകെട്ടിലേക്ക്.
ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എ.ടിയുടെ അന്ത്യം. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതുമുതൽ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ അന്ത്യോപചാരങ്ങളർപ്പിക്കാനായി ഒഴുകുകയായിരുന്നു.
തന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളിൽ വാഹനഗതാഗതം തടസപ്പെടരുത്, എന്ന് കർശനമായി പറഞ്ഞ എംടിയെ അവസാനമായി ഒരു നോക്കുകാണാൻ അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദർശകർക്കായി തുറന്നുകിടന്നു. മാവൂർറോഡിലെ പൊതുശ്മശാനം ‘സ്മൃതിപഥം’ എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ളതാണ് എന്നത് കാലത്തിന്റെ നിയതി മാത്രം.
തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ…
Leave a Comment