തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ…

വാക്കുകൾ കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്തിന്റെ പെരുന്തച്ഛൻ, തന്റെ ചിന്തകളെ അഭ്രപാളികളിലേക്ക് ആലേഖനം ചെയ്യുമ്പോൾ പിന്നീട് അത് വരും തലമുറയ്ക്ക് വായിച്ചും കണ്ടും പഠിക്കാനുള്ള ക്ലാസിക്കായി മാറ്റാനുള്ള അസാമാന്യ പ്രതിഭ, ഈ പ്രതിഭാസത്തെവാക്കുകൾ കൊണ്ട് എങ്ങനെ വിശേഷിപ്പിക്കണമെന്ന് എഴുതുന്ന എനിക്കുപോലും അറിയില്ല. അതിലും എത്രയോ മുകളിലാണ് ഈ എഴുത്തിന്റെ തമ്പുരാൻ.

രണ്ടാമൂഴത്തിലൂടെ തുടങ്ങിയ വായനയുടെ ഭ്രാന്ത് തീർക്കുവാൻ ഇനി ആ സർ​ഗാത്മ പ്രതിഭയില്ലല്ലോയെന്നോർക്കുമ്പോൾ… എങ്കിലും ലോകമുള്ളിടത്തോളം ഒളിമങ്ങാത്ത ദീപ്തശോഭയായി എഴുത്തിന്റെ ഈ പെരുന്തച്ഛൻ മാനവഹൃദയങ്ങളിൽ ഒളി മങ്ങാതെ നക്ഷത്ര ശോഭയോട് പ്രഭ ചൊരിയും.

സ്‌നേഹിതന്മാരില്ലാത്ത ബാല്യകാലത്ത് ഒറ്റയ്ക്ക് ചെയ്യാനാവുന്ന വിനോദമെന്ന നിലയിലാണ് എഴുത്തിനെ കൂട്ടുപിടിച്ചതെന്ന് എംടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മാടത്തു തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന ആ കൂടല്ലൂരുകാരൻ പിന്നീട് അക്ഷരങ്ങളുടെ ഒരു കടലാകുമെന്ന് ഒരാൾപോലും പ്രവചിച്ചില്ല.

തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ തന്നെയായിരുന്നു എംടി. നാലുകെട്ടിന്റെ അകത്തളങ്ങളിൽ കെട്ടികിടക്കുന്ന ഭീഷണമായ ഇരുട്ട് എംടിയുടെ കഥകളിലും നോവലുകളിലുമെല്ലാം പൊതുപ്രേമേയമാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കടക്കുന്ന സാമൂഹിക പരിണാമവും അവിടെ കാണുവാൻ സാധിക്കും.
മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എംടി സാർ പോയല്ലോ- മോഹൻലാൽ

സമൂഹത്തിൽ നിലനിന്നിരുന്ന മരുമക്കത്തായവും ജന്മിത്വവും വിതച്ച അധോഗമനത്തിൽ നിന്ന് പുതിയ കാലത്തിന്റെ വിശാലതയിലേക്ക് നാലുകെട്ടിലെ അപ്പുണ്ണി നടന്നുകയറിയപ്പോൾ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയിൽ നിന്ന് നഗരകാപട്യങ്ങളിലേക്ക് കുടിയേറുന്ന കാലത്തിലെ സേതുവിനെ കാണാം. അസ്തിത്വം തിരയുന്ന യുവാക്കളുടെ മനോസംഘർഷങ്ങൾ എംടി പറഞ്ഞു. അസുരവിത്തിലും നാലുകെട്ട് പശ്ചാത്തലമാകുന്നു. നാലുകെട്ടിൽ കാലം ഒതുങ്ങിനിന്നു.

എനിക്ക് ഭ്രാന്താണ് എന്നെ ചങ്ങലയ്ക്കിടു എന്ന് ഫ്യൂഡൽ മൂല്യങ്ങളിൽ നിന്നുള്ള വിമോചനം പ്രഖ്യാപിച്ച് ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ കുട്ടി ആക്രോശിച്ചത് ജന്മിത്വത്തിന്റെ മുഖത്തേക്കായിരുന്നു.

എംടിയുടെ അവസാന നോവലായ വാരണാസിയിൽ ഗതകാലത്തിന്റെ ഓർമകൾ പേറി കാശിയിലെത്തുന്ന സുധാകരൻ ജീവിതത്തിന്റെയും മോക്ഷത്തിന്റെയും ഉള്ളറകൾ തേടിയുള്ള യാത്രയിലാണ്. ഓർമകൾ മുറിവുണക്കുന്നില്ലെന്നും ഒരു ബൂമറാങ് പോലെ അതേ ഓർമകളിലേക്ക് നാം തിരിച്ചെത്തുമെന്നും വാരാണസി പറയുന്നു.

ഏകാന്തതയും ബന്ധങ്ങളുടെ ശൈഥില്യവുമാണ് ഷെർലക്കിന്റെ ഇതിവൃത്തം. നഗരകാപട്യങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ഏകാകിയായ ബാലുവിന്റെ കഥ പറയുന്ന ഷെർലക്ക് സാമ്രാജ്യത്വമെന്ന വിലങ്ങിനെ കുറിച്ചും ചർച്ച ചെയ്യുന്നു.

നാലുകെട്ടും കാലവും അസുരവിത്തും ഷെർലക്കും മനഃസംഘർഷങ്ങളുടെ കാലസൂചികകൾക്കൊപ്പം തിരിഞ്ഞപ്പോൾ മഞ്ഞ് അഗാധമായ സ്‌നേഹത്തിന്റെ കാത്തിരിപ്പിന്റെ പ്രത്യാശയുടെ കഥ പറഞ്ഞു. കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന മനുഷ്യരും പ്രകൃതിയുമാണ് മഞ്ഞെന്ന ഭാവഗാനം. വരും വരാതിരിക്കില്ല എന്ന് ഉരുവിട്ടുകൊണ്ട കാമുകനെ കാത്തിരിക്കുന്ന വിമല നമ്മളെ സ്വപ്‌നങ്ങളിൽ സ്വയം മുഴുകാൻ പഠിപ്പിക്കുകയായിരുന്നു. വെറും പുനരാഖ്യാനമല്ല രണ്ടാമൂഴം. ബന്ധങ്ങളുടെ കെട്ടുപാടുകളെ കുറിച്ചുള്ള സൂക്ഷ്മപരിശോധന.

രണ്ടാമൂഴത്തിൽ തന്റെ ഊഴം കാത്തിരിക്കുന്ന ഭീമൻ ഇന്നുവരെ ഒരെഴുത്തുകാരനും ചിന്തിക്കാൻ പോലും പറ്റത്തവിധം അന്തരാത്മാവിൽ നിറഞ്ഞുനിൽക്കുന്നതാണ്. അവന്റെ ആത്മസംഘർഷങ്ങളെ വിവരിക്കാൻ എംടിയെന്ന പ്രതിഭയ്ക്ക് കഴിഞ്ഞു.

എംടിയെ എംടിയാക്കി മാറ്റിയ കൂടല്ലൂരു തന്നെയായിരുന്നു ഭൂരിഭാഗം കൃതികളുടെയും പശ്ചാത്തലം. സാഹിത്യജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണെന്ന് എംടി പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ജ്യേഷ്ഠന്മാരും ബന്ധുക്കളും അയൽക്കാരും തന്നെയായിരുന്നു എംടിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളും. എംടി ജീവിതത്തിൽ കണ്ടിട്ടുള്ള സ്ത്രീപുരുഷന്മാരുടെ കഥകളായിരുന്നു ആ കൃതികളിൽ ഭൂരിഭാഗവും. എന്റെ കഥകളേക്കാൾ പ്രിയപ്പെട്ടതാണെനിക്ക് എന്റെ കഥകളുടെ കഥകളെന്ന് എംടിയുടെ കുമ്പസാരം.

‌എംടിയെന്ന രണ്ടക്ഷരം കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയാലും എഴുത്തുകൾകൊണ്ട് തീർത്ത ആ മാസ്മരികത കാലാതീതമാണ്. വരും തലമുറയെ വായനയുടെ ലോകത്ത് പിടിച്ചിരുത്താൻ എഴുത്തിന്റെ ഈ തമ്പുരാന് സാധിക്കും എംടി പറഞ്ഞതു പോലെ
ഈ യാത്ര അവസാനിക്കുന്നില്ല. പാപത്തിന്റെ സ്മരണകളുടെ കടവുകളിൽ നിന്ന് കടവുകളിലേക്ക്, നഗരത്തിൽ നിന്ന് നഗരങ്ങളിലേക്ക്….

pathram desk 5:
Leave a Comment