പാലക്കാട്: സിനിമ, സീരിയൽ താരം മീന ഗണേഷ് (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ അഞ്ചുദിവസമായി ചികിത്സയിലായിരുന്നു.
1976 മുതൽ സിനിമാ സീരിയൽ രംഗത്ത് സജീവമായിരുന്ന മീന നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശമാധവൻ, കരുമാടിക്കുട്ടൻ, നന്ദനം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കലാഭവൻ മണിയോടൊപ്പം അമ്മ വേഷങ്ങളിൽ ശ്രദ്ധയയായ നടി നന്ദനത്തിലൂടെ കോമഡിയും തനിക്ക് വഴങ്ങുമെന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തു.
19–ാം വയസിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു. ആദ്യ സിനിമ പിഎ ബക്കറിന്റെ മണിമുഴക്കം ആയിരുന്നു. സിനിമാ നാടക നടൻ എഎൻ ഗണേശാണ് ഭർത്താവ്. സംവിധായകൻ മനോജ് ഗണേഷ് മകനും സംഗീത മകളുമാണ്. മരുമക്കൾ- ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണൻ. സംസ്കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത്.
Leave a Comment