ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേൻ ക്രിക്കറ്റ് ടെസ്റ്റിൽ രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റിൽ ജസ്പ്രീത് ബുമ്ര-ആകാശ്ദീപ് കൂട്ടുകെട്ടിൻറെയും വീരോചിത ചെറുത്തുനിൽപ്പിൻറെ കരുത്തിൽ ഫോളോ ഓൺ ഭീഷണി മറികടന്ന് ഇന്ത്യ. പത്താം വിക്കറ്റിൽ ആകാശ്ദീപും ബുമ്രയും ചേർന്ന് നേടിയ 39 റൺസിൻറെ അപരാജിത ചെറുത്തുനിൽപ്പിലൂടെയാണ് ഇന്ത്യ ഫോളോ ഓൺ ഭീഷണി മറികടന്നത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോൾ ഫോളോ ഓൺ മറികട്ടാൻ ഇന്ത്യക്ക് 33 റൺസ് വേണമായിരുന്നു.
എന്നാൽ ഇന്ത്യൻ മുൻനിര ബാറ്റർമാരെ നാണിപ്പിക്കുന്ന രീതിയിൽ ചെറുത്തുനിന്ന ബുമ്രയും ആകാശ്‌ദീപും ചേർന്ന് ഇന്ത്യയുടെ ഫോളോ ഓൺ ഒഴിവാക്കി. ഓസീസിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റൺസിന് മറുപടിയായി നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 252 റൺസെന്ന നിലയിലാണ്. 31 പന്തിൽ 27 റൺസുമായി ആകാശ് ദീപും 27 പന്തിൽ 10 റൺസുമായ ജസ്പ്രീത് ബുമ്രയും ക്രീസിൽ. 77 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ ചെറുത്തുിൽപ്പിനൊപ്പം 84 റൺസെടുത്ത കെ എൽ രാഹുലിൻറെ പ്രകടനവും ഇന്ത്യയുടെ ചെറുത്തുനിൽപ്പിൽ നിർണായകമായി.
നാലാം ദിനം ആദ്യ പന്തിൽ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകേണ്ടതായിരുന്നു. ഓസീസ് നായകൻ പാറ്റ് കമിൻസിൻറെ ആദ്യ പന്തിൽ തന്നെ രാഹുൽ സ്ലിപ്പിൽ നൽകിയ അനായാസ ക്യാച്ച് സ്മിത്ത് അവിശ്വസനീയമായി നിലത്തിട്ടു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ബാറ്റുവെച്ച രാഹുലിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പോയത് നേരെ സ്മിത്തിൻറെ കൈകളിലേക്ക്. എന്നാൽ കൈക്കുള്ളിൽ തട്ടി പന്ത് നിലത്തുവീണപ്പോൾ രാഹുലിന് പോലും അത് വിശ്വസിക്കാനായില്ല. സ്ലിപ്പിൽ ഓസീസിൻറെ ഏറ്റവും വിശ്വസ്തനായ സ്മിത്ത് അത്രയും അനായാസമായൊരു ക്യാച്ച് കൈവിടുമെന്ന്. ആ സമയം രാഹുൽ വീണിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യ 100 പോലും കടക്കുമായിരുന്നില്ല.
എന്നാൽ പിന്നീട് പിഴവുകളേതുമില്ലാതെ ബാറ്റ് ചെയ്ത രാഹുൽ 84 പന്തിൽ അർധസെഞ്ചുറിയിലെത്തി. 10 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ സ്കോർ 74ൽ നിൽക്കെ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുൽ അർഹിച്ച സെഞ്ചുറിയിലേക്ക് മുന്നേറവെ ഓസീസ് നായകൻ പാറ്റ് കമിൻസ് സ്പിന്നർ നേഥൻ ലിയോണിനെ പന്തേൽപ്പിച്ചു. ലിയോണിന് സ്പിന്നൊന്നും ലഭിച്ചില്ലെങ്കിലും രാഹുലിൻറെ നിർണായക വിക്കറ്റ് വീഴ്ത്താനായി. 84 റൺസെടുത്തിരുന്ന രാഹുൽ ലിയോണിനെ കട്ട് ചെയ്യാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ സ്മിത്തിൻറെ അനായാസ ക്യാച്ചിൽ പുറത്തായി. രാഹുൽ കട്ട് ചെയ്ത പന്ത് തേർഡ് മാനിലേക്ക് പോകുമെന്ന് കരുതിയിരിക്കെ സ്ലിപ്പിൽ നിന്ന് സ്മിത്ത് ഒറ്റക്കൈയിൽ പറന്നു പിടിക്കുകയായിരുന്നു. 139 പന്തിൽ എട്ട് ബൗണ്ടറികൾ സഹിതമാണ് രാഹുൽ 84 റൺസടിച്ചത്.
രാഹുൽ പുറത്തായശേഷം ആദ്യം നിതീഷ് റെഡ്ഡിക്കൊപ്പവും(16) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ചും ഒറ്റക്ക് പൊരുതിയ ജഡേജ ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും പാറ്റ് കമിൻസിൻറെ ബൗൺസറിൽ മിച്ചൽ മാർഷിൻറെ തകർപ്പൻ ക്യാച്ചിൽ ജഡേജ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. എന്നാൽ അവിശ്വസനീയമായി ചെറുത്തുനിന്ന ബുമ്ര-ആകാശ്ജീപ് സഖ്യം ഇന്ത്യക്ക് സമനില പ്രതീക്ഷ സമ്മാനിച്ചു. ഓസീസിനായി പാറ്റ് കമിൻസ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും വിക്കറ്റെടുത്തു.
Leave a Comment