ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെ, മറുപടി പറയേണ്ടതും അവർതന്നെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഭവന സന്ദർശനത്തിനും കൺവെൻഷനിലും വന്നിരുന്നു, മറ്റിടങ്ങളിലെ പരിപാടികളിലും അദ്ദേഹത്തിനു പങ്കെടുക്കേണ്ടതിനാൽ മണ്ഡലത്തിൽ സജീവമാകാൻ പറ്റിയില്ല- രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ നൽകിയില്ല എന്ന കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ആരോപണത്തിന് മറുപടിയുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ അതൃപ്തി അറിയിച്ചത് പാർട്ടി നേതൃത്വത്തെയാണെന്നും അതിൽ അഭിപ്രായം പറയേണ്ടത് നേതൃത്വത്തിൽ ഉള്ളവരാണെന്നും രാഹുൽ.

‘നേതൃത്വത്തോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ പാർട്ടി പ്രവർത്തകനുമുണ്ട്. എന്റെയും അദ്ദേഹത്തിന്റെയും പാർട്ടി നേതൃത്വം ഒന്നുതന്നെയാണ്, അവിടെ അദ്ദേഹം ഉയർത്തിയിരിക്കുന്ന ആരോപണത്തിന് മറുപടി പറയേണ്ടത് പാർട്ടി നേതൃത്വമാണ്, ഞാനല്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മൻ പാലക്കാട് വന്നിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം പാർട്ടിയുടെ വിജയത്തിന് ഗുണപരമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. പാലക്കാട് എനിക്ക് ലഭിച്ച 18840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട്,’ രാഹുൽ പറഞ്ഞു.

എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ
മാത്രമല്ല, പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളിൽതന്നെ അദ്ദേഹം പാലക്കാട് ഉണ്ടായിരുന്നു, ഭവന സന്ദർശനത്തിന് കൂടെവന്നിരുന്നു. പാലക്കാട് നടന്ന കൺവെൻഷനിലും ചാണ്ടി ഉമ്മൻ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലേക്കും പോകേണ്ടിവന്നതുകൊണ്ടാണ് അദ്ദേഹത്തിന് മുഴുവൻ സമയവും പാലക്കാട് ഉണ്ടാകാൻ കഴിയാതിരുന്നത്. വയനാട്ടിലും ചേലക്കരയിലും നടന്ന പ്രചാരണ പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു. മഹാരാഷ്ട്രയിലും മറ്റും മലയാളി സമാജങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങളിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു. രാഹുൽ പറഞ്ഞു.

ചാണ്ടി ഉമ്മൻ സഹോദരതുല്യനാണ് എന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സാന്നിധ്യം തന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

pathram desk 5:
Leave a Comment