തിരുവനന്തപുരം: കിഴക്കേകോട്ടയിൽ ബസുകൾക്കിടയിൽപ്പെട്ട് കേരളബാങ്ക് സീനിയർ മാനേജർ മരിച്ച സംഭവത്തിൽ വീഴ്ചപറ്റിയത് സ്വകാര്യ ബസിന്റെ ഭാഗത്തുനിന്നെന്ന് ഗതാഗത വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതോടെ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ ചെയ്യും.
അപകടത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി നിർദ്ദേശം നൽകി.
സ്വകാര്യ ബസിനിടയിൽപ്പെട്ട് കേരള ബാങ്ക് ജീവനക്കാരൻ ഉല്ലാസ് വെള്ളിയാഴ്ചയാണ് മരിച്ചത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. ഉല്ലാസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽപ്പെടുകയായിരുന്നു. സ്വകാര്യ ബസ് ഓവർടേക്ക്ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave a Comment