മോസ്കോ: വളർച്ചയ്ക്കു സുസ്ഥിരമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഇന്ത്യ ആദ്യം’, ‘മേയ്ക്ക് ഇൻ ഇന്ത്യ’ നയങ്ങളെ അദ്ദേഹം പ്രശംസിച്ചു. പതിനഞ്ചാമത് വി.ടി.ബി റഷ്യ കോളിങ് നിക്ഷേപക വേദിയിലായിരുന്നു പുട്ടിന്റെ പ്രശംസ.
ഉൽപാദനം വർധിപ്പിക്കുന്നതിനും വിദേശനിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ‘മേയ്ക്ക് ഇൻ ഇന്ത്യ’ സംരംഭം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സുസ്ഥിര സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.
ഇന്ത്യയിൽ നിർമാണ പ്ലാന്റുകൾ ആരംഭിക്കാൻ റഷ്യ തയാറാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സർക്കാർ സുസ്ഥിരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഒന്നാമത് ഇന്ത്യയിൽ നിക്ഷേപിക്കുന്നതു ലാഭകരമാണെന്നു വിശ്വസിക്കുന്നു. റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റ് അടുത്തിടെ രാജ്യത്ത് 20 ശതകോടി ഡോളർ നിക്ഷേപിച്ചതായും പുട്ടിൻ പറഞ്ഞു.
ഉപഭോക്തൃ സാമഗ്രികൾ, ഐടി, ഹൈടെക്, കൃഷി തുടങ്ങിയ മേഖലകളിലെ പ്രാദേശിക റഷ്യൻ ഉൽപാദകരുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു പുട്ടിന്റെ പ്രസംഗം. വിപണിയിൽ നിന്നു പുറത്തുപോയ പാശ്ചാത്യ ബ്രാൻഡുകൾക്കു പകരമായി പുതിയ റഷ്യൻ ബ്രാൻഡുകൾ ഉയർന്നുവന്നതും പുട്ടിൻ പ്രസംഗത്തിൽ പറഞ്ഞു.
Leave a Comment