അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഒറ്റ നമ്പറിന് 12 കോടി രൂപ നഷ്ടപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെ കൈവിടാതെ ഭാഗ്യദേവത. ബുധനാഴ്ച്ച ഉച്ചയ്ക്ക് ബൂജ ബംപർ വിജയിയെ പ്രഖ്യാപിക്കുമ്പോൾ ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ കല്ല്യാണപ്പന്തലിലായിരുന്നു ദിനേശ്. ആ നേരം തന്നെ തനിക്കാണ് 12 കോടി അടിച്ചതെന്ന് ദിനേശ് അറിഞ്ഞിരുന്നു. എന്നാൽ ഈ രഹസ്യം ആരോടും വെളിപ്പെടുത്തിയില്ല. ഭാര്യ രശ്മിയോടും മക്കളായ ധീരജിനോടും ധീരജയോടുംപോലും ഇക്കാര്യം പങ്കുവച്ചില്ല.
ദിനേശന്റെ കൂട്ടുകാരൻ വിദേശത്തുനിന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. അതിനാൽ വിവാഹത്തിന്റെ മേൽനോട്ടമെല്ലാം വഹിച്ചത് ദിനേശാണ്. അതുകൊണ്ടുതന്നെ കല്യാണത്തിന്റെ ആദ്യാവസാനം വരെ ഓടിനടന്നത് ഒരു കോടീശ്വരനാണ് നാട്ടുകാരും അറിഞ്ഞതേയില്ല. വിവാഹത്തിനുശേഷം വൈകുന്നേരം ലോട്ടറി സെന്ററിലെത്തി ദിനേശ് കാര്യം പറഞ്ഞു. പക്ഷേ അന്നേരം ആരോടും പറയരുതെന്ന് അവരോടു ആവശ്യപ്പെട്ടിരുന്നു.
പിറ്റേന്ന് രാവിലെത്തന്നെ ഭാര്യയുമായി സന്തോഷം പങ്കിട്ടു. പിന്നാലെ മക്കളും സന്തോഷവാർത്ത അറിഞ്ഞു. പിന്നാലെ തൊടിയൂർ നോർത്ത് കൊച്ചയ്യത്തുകിഴക്കതിൽ വീട്ടിലേക്ക് ആളുകളെത്തി തുടങ്ങി. സ്ഥിരമായി കരുനാഗപ്പള്ളിയിൽ നിന്ന് ലോട്ടറിയെടുക്കാറുള്ള ദിനേശ് ആദ്യമായാണ് കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽനിന്ന് ഭാഗ്യടിക്കറ്റെടുത്തത്. പത്ത് ടിക്കറ്റുകൾ എടുത്ത് വീട്ടിൽ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമെല്ലാം പങ്കിട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്. ഏജൻസി വ്യവസ്ഥയിൽ പത്ത് ടിക്കറ്റുകൾ ഒന്നിച്ചെടുത്തതിനാൽ 10% കമ്മിഷനും ദിനേശിനുതന്നെ ലഭിക്കും. മുമ്പും ബംപറെടുത്തപ്പോൾ ഒരു ലക്ഷവും അമ്പതിനായിരവുമെല്ലാം ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ പശു ഫാമിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഉപജീവനമാർഗം.
നാട്ടിൽ കുറച്ച് ശുദ്ധരായ നാട്ടുകാരുണ്ട്. ശുദ്ധരായതുകൊണ്ടുതന്നെ അവരെ പറ്റിച്ചു പോയവരുമുണ്ട്. അവരെ സഹായിക്കണം. വീടുവെച്ചു കൊടുക്കാനും ചികിത്സാ സഹായത്തിനും സർക്കാരും ചാരിറ്റി സംഘടനകളുമുണ്ട്. കിടപ്പാടം നഷ്ടപ്പെട്ടു പോയവരുണ്ട്. അവരെയൊക്കെ സഹായിക്കണം.’ ഇതിനെല്ലാം മുൻപ് പണം ആദ്യം കുറച്ചുകാലത്തേക്ക് നിക്ഷേപിക്കണം. പണം എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ദിനേശിന്റെ മറുപടി ഇങ്ങനെയായിരുന്നു.
Leave a Comment