മുതുകുളം: ഭാര്യവീട്ടിൽവെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34) വിന്റെ മരണത്തിൽ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിരയാണ് വിഷ്ണുവിന്റെ ഭാര്യ.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ തമ്മിൽ പിണങ്ങി കഴിയുകയാണ്. ഏഴു വയസുളള പെൺകുട്ടിയുണ്ട്. എല്ലാ അവധി ദിവസങ്ങളിലും വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. പിന്നീട് തിരികെ കണ്ടുവിടും.
കഴിഞ്ഞ ദിവസവും പതിവുപോലെ വീട്ടിൽ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോൾ വിഷ്ണുവും ആതിരയും തമ്മിൽ വഴക്കാവുകയായിരുന്നു. തുടർന്ന് ആതിരയുടെ ബന്ധുക്കളുമായുണ്ടായ സംഘർഷത്തിനടെ അബോധാവസ്ഥയിൽ നിലത്തു വീണ വിഷ്ണുവിനെ ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മർദനമേറ്റാണ് വിഷ്ണു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവരുടെ പരാതിയിൽ ഭാര്യ ആതിരയേയും അടുത്ത മൂന്നു ബന്ധുക്കളെയും പ്രതിയാക്കി തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.
Leave a Comment