സഹോദരന്റെ സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ച് ജോലിക്ക് കയറി, കൊലപാതകശ്രമക്കേസിൽ ആൾമാറാട്ടം നടത്തി സഹോദരനെ അഴിക്കുള്ളിലാക്കി, 20 വർഷങ്ങൾക്കു ശേഷം യഥാർഥ പ്രതി പിടിയിൽ

ചെന്നൈ: കുറ്റം ചെയ്താൽ ഒരു നാൾ സത്യം അതിന്റെ മറനീക്കി പുറത്തുവരുമെന്ന് പറയുന്നത് പോലെ ആൾമാറാട്ടം നടത്തി സഹോദരനെ കുരുക്കി അഴിക്കുള്ളിലാക്കിയ സംഭവത്തിൽ യഥാർഥ പ്രതി പിടിയിൽ. കൊലപാതകശ്രമക്കേസിലെ പ്രതി സ്വന്തം സഹോദരന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി 20 വര്‍ഷങ്ങൾക്ക് ശേഷം പിടിയിലാവുകയായിരുന്നു. കാഞ്ചീപുരം സ്വദേശിയായ പളനിയാണ് സഹോദരന്‍ പനീര്‍സെല്‍വത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം പോലീസിനെയും കോടതിയേയും കുടുംബത്തേയും കബളിപ്പിച്ചത്. ഇയാളെ മടിപ്പാക്കത്തുവച്ച് പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ: അഭിഭാഷക ഗുമസ്തനായിരുന്നു പളനി. അച്ഛന്റെ മരണശേഷം സഹോദന്‍ പനീര്‍സെല്‍വത്തിന്റെ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ച് പളനി അച്ഛന്റെ ജോലിക്ക് അപേക്ഷിക്കുകയും ജോലി നേടുകയും ചെയ്തു. അതിനു സ്വന്തം പേരുതന്നെ ഉപേക്ഷിക്കുകയും സഹോദരന്റെ പേരില്‍തന്നെ തുടർന്ന് ജീവിക്കുകയും ചെയ്തു.

ഇതിനിടെ ഇയാൾ ഒരു സ്ത്രീയുമായി അടുപ്പത്തിലായി. തന്റെ പേര് പനീര്‍സെല്‍വമാണെന്നാണ് സ്ത്രീയോടും പളനി പറഞ്ഞിരുന്നത്. 2002-ല്‍ കോടമ്പാക്കത്തെ ട്രസ്റ്റ്പുരത്ത് ഇരുവരും ഒരുമിച്ച് വാടയ്ക്ക് താമസിക്കാന്‍ തുടങ്ങി. പിന്നീട് ഇവർ തമ്മിലുണ്ടായ വഴക്കാണ് പളനിയുടെ ആള്‍മാറാട്ടം പുറത്താകുന്നതിന് ഇടയാക്കിയത്. മക്കളേയും തന്നെയും ഉപദ്രവിച്ച പളനിക്കെതിരെ ഭാര്യ കേസുകൊടുത്തു. തന്റെ ഭര്‍ത്താവായ പനീര്‍സെല്‍വം ആക്രമിച്ചു എന്നായിരുന്നു പരാതി.

കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി തന്‍റെ സഹോദരന്‍റെ വിവരങ്ങളായിരുന്നു പളനി നൽകിക്കൊണ്ടിരുന്നത്. 2018-ല്‍ വിചാരണക്കോടതി സഹോദരന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു.

ഹൈക്കോടതിയിലും സുപ്രീംകാടതിയിലും അപ്പീലുമായി പോയെങ്കിലും സഹോദരന്റെ ശിക്ഷ മൂന്ന് വര്‍ഷമായി കുറയ്ക്കുക മാത്രമാണ് ചെയ്തത്. ഇതേതുടര്‍ന്ന് ഇയാള്‍ 2024 ജൂണ്‍ മുതല്‍ ഒളിവില്‍ പോയി. പോലീസ് ജാമ്യമില്ലാ വാറന്റുമായി കാഞ്ചീപുരത്തെ വീട്ടിലെത്തിയപ്പോഴാണ് യഥാര്‍ഥ പനീര്‍സെല്‍വത്തെ കണ്ട് പോലീസ് ഞെട്ടിയത്. പളനിയും സഹോദരന്‍ പനീര്‍സെല്‍വവും കാഴ്ചയില്‍ ഒരുപോലെയാണെന്നും അതുകൊണ്ടുതന്നെ സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും ദുരുപയോഗം ചെയ്തിട്ടും പിടിക്കപ്പെടാതിരുന്നതെന്നും പോലീസ് പറയുന്നു.

pathram desk 5:
Leave a Comment