ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൻ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബ സുഹൃത്തുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബർ 22ന് ഉദയ്പുരിൽ വച്ച് വിവാഹവും. 24ന് ഹൈദരാബാദിൽ റിസപ്ഷനും നടത്തുമെന്ന് സിന്ധുവിന്റെ പിതാവ് പി.വി. രമണ പറഞ്ഞു.
രണ്ടു കുടുംബങ്ങളും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണ്. എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പറഞ്ഞു. ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ പറഞ്ഞു.
രണ്ടു വർഷത്തിലധികം നീണ്ടുനിന്ന തോൽവികൾക്ക് ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റർനാഷനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ സിന്ധു വിജയിച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് വരൻ. നിലവിൽ പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് വെങ്കട്ട ദത്തയെന്ന്, അദ്ദേഹത്തെ പോസിഡെക്സ് ടെക്നോളജീസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമ്പനി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ സൂചിപ്പിക്കുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങിയ കായിക മേഖലകളും കൃത്യമായി ശ്രദ്ധിക്കുന്നയാളാണെന്ന് ഈ കുറിപ്പിലുണ്ട്.
ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ വെങ്കട്ട ദത്ത സായ്, ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയുമെടുത്തിട്ടുണ്ട്.
Leave a Comment