നാഗ്പുർ: ജനസംഖ്യാ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേയും നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ എങ്കിലും ഉണ്ടായിരിക്കണമെന്നും മോഹൻ ഭാഗവത്.
ആധുനിക ജനസംഖ്യ പഠനങ്ങൾ പറയുന്നത് ജനസംഖ്യ 2.1 എന്ന ഫെർട്ടിലിറ്റി നിരക്കിലും താഴെയാകുന്നത് വംശനാശത്തിന്റെ ലക്ഷണമായാണ്. ജനസംഖ്യ കുറയുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. അതുകൊണ്ട് രാജ്യത്തെ ജനസംഖ്യ 2.1 എന്ന നിരക്കിലും താഴെയാകരുതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
നമ്മുടെ രാജ്യത്തെ ജനസംഖ്യാനയം 1998-ലോ 2002-ലോ രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇതിൽ ജനസംഖ്യാനിരക്ക് 2.1-ൽ കുറയരുതെന്ന് കൃത്യമായി പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം. ഏതായാലും ആർഎസ്എസ് നേതാവിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
ബിജെപി നേതാക്കൾ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആർഎസ്എസ് നേതാവ് കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നാണ് പറയുന്നത്. ആർഎസ്എസും ബിജെപിയും അഭിപ്രായ സമന്വയത്തിലെത്തണം. സർക്കാർ ജനസംഖ്യാനിയന്ത്രണ പ്രചരണങ്ങൾ നടത്തുമ്പോൾ ഇത്തരം പ്രസ്താവനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
പൊതുസമൂഹത്തിനു മുൻപിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് ആർഎസ്എസ് നേതാവ് ജനസംഖ്യാനിയന്ത്രണത്തെ കുറിച്ച് സ്ഥിരമായി സംസാരിക്കുന്ന ബിജെപിക്കാരുമായി കൂടിയാലോചിക്കണമായിരുന്നു. ബീഹാർ മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാട് സ്വീകരിച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ ജനസംഖ്യാനിയന്ത്രണം നടപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് ജെഡിയു വക്താവ് അരവിന്ദ് നിഷാദ് പറഞ്ഞു.
Leave a Comment