തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കൈയിട്ടു വാരികളുടെ എണ്ണം 1458 എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകർ വരെ ഉൾപ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും ഇപ്പോൾ സർവീസിലുള്ളവരാണ്. കുറ്റക്കാർക്കെതിരേ കർശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി.
സർക്കാർ ശമ്പളം കൈപ്പറ്റുന്നവർക്ക് ക്ഷേമപെൻഷന് യോഗ്യതയില്ലെന്നിരിക്കെ, ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സാമൂഹികസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. 1458 സർക്കാർ ജീവനക്കാരാണ് പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ധനവകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.
മാസം 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ. അനർഹരായ 1458 പേർക്ക് പ്രതിമാസം പെൻഷൻ നൽകാൻ സർക്കാരിന്റെ ഖജനാവിൽ നിന്ന് കാലിയാകുന്നത് കൃത്യമായി പറഞ്ഞാൽ 23,32,800 രൂപ വരും. ആരോഗ്യവകുപ്പിലാണ് കൂടുതൽ പെൻഷൻ വാങ്ങുന്ന ജീവനക്കാർ- 373 പേർ. പൊതുവിദ്യാഭ്യാസവകുപ്പിൽ 224 പേർ. പെൻഷൻ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്റ്റ്വേറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്വേറായ സ്പാർക്കിലെയും വിവരങ്ങൾ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവിധതലങ്ങളിലുള്ള പരിശോധന തുടരാനാണ് ധനവകുപ്പിന്റെ തീരുമാനം.
ഭാര്യയുടെ ബുദ്ധി രക്ഷിച്ചു, ഒറ്റപ്പാലത്തെ വീട്ടിൽ നിന്ന് മോഷണം പോയെന്നു കരുതിയ, 63 പവൻ സ്വർണം വീട്ടിനുള്ളിൽതന്നെയുള്ള ഇരുമ്പലമാരയിൽ പ്രത്യേക അറയ്ക്കുള്ളിൽ, മോഷണം പോയത് ഒരു ലക്ഷം രൂപയും വാച്ചും മാത്രം
ക്ഷേമ പെൻഷൻ പട്ടികയിൽ കടന്നുകൂടിയ ഭൂരിപക്ഷവും ലാസ്റ്റ് ഗ്രേഡ്, ക്ലറിക്കൽ ജീവനക്കാരാണ്. പ്രായപരിധി ബാധകമാവാത്ത പെൻഷൻ മുൻപ് വാങ്ങിയിരുന്നവർ സർക്കാർ ജോലിയിൽ സ്ഥിരപ്പെട്ടശേഷമോ, ജോലികിട്ടിയശേഷമോ ഗുണഭോക്തൃപട്ടികയിൽ തുടർന്നതാവാം തട്ടിപ്പിലേക്കു നയിച്ചതെന്നാണ് നിഗമനം. പഞ്ചായത്തുതലത്തിൽ ഗുണഭോക്താക്കളെ ചേർത്തതിലും പ്രശ്‌നമുണ്ടാവും.
പെൻഷൻ കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് അന്വേഷണം കഴിഞ്ഞാലുടൻ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പെൻഷൻ കൈപറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്നും പട്ടികയിൽ കയറിപ്പറ്റിയ അനർഹരെ കണ്ടെത്താൻ അന്വേഷണസംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു.
ക്ഷേമപെൻഷനിൽ അഞ്ചുവിഭാഗങ്ങളുണ്ട്. വാർധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, ഭിന്നശേഷി, വിധവ, അവിവാഹിത പെൻഷൻ. ഇതിൽ ഭിന്നശേഷി, വിധവ പെൻഷന് പ്രായപരിധി ബാധകമല്ല. 50 കഴിഞ്ഞ അവിവാഹിതകൾക്ക് പെൻഷന് അപേക്ഷിക്കാം. വാർധക്യ- കർഷകത്തൊഴിലാളി പെൻഷന് 60 വയസ് കഴിഞ്ഞാൽ അപേക്ഷിക്കാം എന്നിങ്ങനെയാണ് പെൻഷന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ.
Leave a Comment