മത്സരത്തിനിടെ നെഞ്ചുവേദന, ബാറ്റിങ് അവസാനിപ്പിച്ച് ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു; മികച്ച ഫിറ്റ്നസ് നോക്കിയിരുന്ന ഇമ്രാന്‍ പട്ടേലിന്റെ മരണകാരണം ഹൃദയാഘാതം

പുണെ: പ്രാദേശിക മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ 35 വയസുകാരനായ ഇമ്രാന്‍ പട്ടേൽ കുഴഞ്ഞുവീഴുകയായിരുന്നു.

പുണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഡഗ് ഔട്ടിലേക്ക് മടങ്ങിയെങ്കിലും ​ഗ്രൗണ്ടിൽ നിന്ന് കയറുന്നതിനു മുൻപ് തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്രാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

മത്സരം ലൈവായി ബ്രോഡ്കാസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. വീഡിയോയിൽ ബാറ്റിങ്ങിനിടെ അസ്വസ്ഥത തോന്നിയ താരം ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും കാണം. പിന്നാലെ ഗ്രൗണ്ടിലുള്ള താരങ്ങളെല്ലാം ഡഗ്ഔട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം. ഓള്‍റൗണ്ടറായ ഇമ്രാന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

‘മികച്ച ഫിറ്റ്‌നസുള്ള താരമായിരുന്നു ഇമ്രാന്‍. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഞങ്ങള്‍.’-സഹതാരം നസീര്‍ ഖാന്‍ പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ നസീറും ഗ്രൗണ്ടിലുണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സജീവമാണ് ഇമ്രാന്‍. സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും അദ്ദേഹം നടത്തുന്നുണ്ട്.

pathram desk 5:
Leave a Comment