മുംബൈ: എയർ ഇന്ത്യ പൈലറ്റ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഡല്‍ഹി സ്വദേശിയായ ആദിത്യ പണ്ഡിറ്റാണ് (27) അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. ആദിത്യ കൊലപ്പെടുത്തിയതാണെന്നും മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്. ആദിത്യ പൊതുസ്ഥലത്തുവെച്ച് സൃഷ്ടിയെ അപമാനിച്ചുവെന്നും മാംസാഹാരം കഴിക്കുന്നതില്‍നിന്ന് വിലക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സമഗ്രമായ അന്വേഷണം വേണമെന്നും പോലീസിനോട് കുടുംബം ആവശ്യപ്പെട്ടു.
അന്ധേരി ഈസ്റ്റിലെ മാറോല്‍ പോലീസ് കാംപിന് പിന്നിലായുള്ള വാടക ഫ്‌ളാറ്റിലാണ് സൃഷ്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദിത്യയുടെ പീഡനത്തില്‍ സൃഷ്ടി മാനസികമായി തകര്‍ന്നിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
ആദിത്യ മുംബൈയിലെ സൃഷ്ടിയുടെ താമസസ്ഥലത്ത് വരാറുണ്ടായിരുന്നു. ഞായറാഴ്ച ജോലി കഴിഞ്ഞെത്തിയ സൃഷ്ടിയും ആദിത്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ ആദിത്യ ഡല്‍ഹിയിലേക്ക് തിരിച്ചു. ആദിത്യയെ ഫോണില്‍ വിളിച്ച സൃഷ്ടി, താന്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ആദിത്യ സൃഷ്ടിയുടെ താമസസ്ഥലത്തേക്ക് തിരിച്ചു. വാതില്‍ അകത്തുനിന്ന് പൂട്ടിയതായി മനസിലാക്കിയ ആദിത്യ, പകരം താക്കോല്‍ എത്തിച്ച് വാതില്‍ തുറന്നു. ചലനമറ്റുകിടക്കുന്ന സൃഷ്ടിയെ കണ്ട് പോലീസിനെ വിവരം അറിയിച്ചു. ആദിത്യ തന്നെ സൃഷ്ടിയെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ഇക്കാര്യം കുടുംബത്തേയും പോലീസിനേയും അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സൃഷ്ടിയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കുടുംബത്തിന്റേയും അടുത്ത സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും കൂടെത്താമസിക്കുന്നവരുടേയും മൊഴി രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
Leave a Comment