30 ലക്ഷം രൂപയ്ക്കു പോലും ആർക്കും വേണ്ട, തന്നെ തഴഞ്ഞ ഐപിഎൽ ടീമുകൾക്ക് മുഖമടച്ച് കൊടുത്ത് ഉർവിൽ പട്ടേൽ, 28 പന്തിൽ സെഞ്ചുറി, തകർത്തത് 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ഋഷഭ് പന്തിന്റെ റെക്കോർഡ്

ഇൻഡോർ: ഇപ്പോൾ ഐപിഎൽ ടീമുകൾ ഒന്നു പശ്ചാത്തപിക്കുന്നുണ്ടാകും ബോധപൂർവം കൈവിട്ടുകളഞ്ഞ ഉർവിൽ പട്ടേലെന്ന മാണിക്യത്തെയോർത്ത്. ഇത്തവണത്തെ മെഗാ ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയിരുന്ന പട്ടേൽ, രണ്ടു ദിവസങ്ങൾക്കിപ്പുറം ട്വന്റി20യിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചറിയുമായി. 28 പന്തിലായിരുന്നു താരത്തിന്റെ സെഞ്ചുറി. അതും, ഇതേ താരലേലത്തിൽ 27 കോടി രൂപയുമായി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വിലകൂടിയ താരമായി മാറിയ ഋഷഭ് പന്തിന്റെ പേരിലുള്ള റെക്കോർഡ് തകർത്ത്.

വരന് പ്രായം 30, വധുവിന് 39, യാഥാസ്ഥിതികർ ഉണർന്നു പ്രവർത്തിച്ചതോടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് നടൻ അഖിൽ അക്കിനേനി

ഇൻഡോറിലെ എമറാൾഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ത്രിപുരയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ സെഞ്ചറി നേടിയത് വെറും 28 പന്തിലാണ്. മത്സരത്തിലാകെ 35 പന്തുകൾ നേരിട്ട ഉർവൽ പട്ടേൽ, ഏഴു ഫോറും 12 സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തപ്പോൾ, പട്ടേലിന്റെ കടന്നാക്രമണത്തിന്റെ മികവിൽ 58 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഗുജറാത്ത് വിജയത്തിലെത്തി. 322.86 എന്ന കൂറ്റൻ സ്ട്രൈക്ക് റേറ്റിന്റെ കൂടി അകമ്പടിയിലാണ് പട്ടേലിന്റെ സെഞ്ചുറി പ്രകടനം.

ഇത് ആദ്യമായൊന്നുമല്ല ഉർവൽ അതിവേ​ഗ സെഞ്ചുറി നേടുന്നത്. കൃത്യം ഒരു വർഷം മുൻപ്, 2023 നവംബർ 27ന് ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറിയെന്ന നേട്ടവും ഉർവിൽ പട്ടേൽ സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ ഗുജറാത്തിനായി 41 പന്തിലാണ് അന്ന് സെഞ്ചറി നേടിയത്. ഇക്കാര്യത്തിൽ പട്ടേലിനു മുന്നിലുള്ളത് 40 പന്തിൽ സെഞ്ചറി നേടിയിട്ടുള്ള യൂസഫ് പഠാൻ മാത്രമാണ്.

ഇത്തവണത്തെ അതിവേ​ഗ സെഞ്ചുറിയോടെ താരം മറികടന്നത് 2018ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 32 പന്തിൽ സെഞ്ചറി നേടിയ പന്തിന്റെ റെക്കോർഡാണ്. ഡൽഹിക്കായി ഹിമാചൽ പ്രദേശിനെതിരെയായിരുന്നു പന്തിന്റെ റെക്കോർഡ് പ്രകടനം. അതിവേഗ സെഞ്ചുറിയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാമനായെങ്കിലും പട്ടേലിനേക്കാൾ ഒരു പന്തു മുൻപേ സെഞ്ചുറി നേടിയ മറ്റൊരു താരം കൂടിയുണ്ട്. ഈ വർഷം തന്നെ സൈപ്രസിനെതിരെ എസ്തോണിയയ്ക്കായി 27 പന്തിൽ സെഞ്ചറി നേടിയ സഹിൽ ചൗഹാൻ. ഇതോടെ ആർസിബിക്കായി പുണെ വാരിയേഴ്സിനെതിരെ 30 പന്തിൽ സെഞ്ചറി നേടിയ ക്രിസ് ഗെയ്‌ലിനെ പട്ടേൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.

മുൻ സീസണിൽ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ ഉർവിൽ പട്ടേലിനെ, ഇത്തവണ ടീം ഒഴിവാക്കിയിരുന്നു. ഈ വർഷം ജിദ്ദയിൽ നടന്ന താരലേലത്തിലും പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും, അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു പോലും ആരും വാങ്ങാനാളില്ലാതെ പോയതോടെ അൺസോൾഡ് ‌ആവുകയായിരുന്നു.

pathram desk 5:
Leave a Comment