അഡ്ലെയ്ഡ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബൗളർമാരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 883 റേറ്റിംഗോടെയാണ് ബുംറ ഒന്നാമനായത്. ഓസ്ട്രേലിയക്കെതിരേ പെർത്തിൽ കാഴ്ചവച്ച മിന്നും എട്ടുവിക്കറ്റ് പ്രകടനമാണ് താരത്തെ ഒന്നാമതെത്തിച്ചത്.
ദക്ഷിണാഫ്രിക്കൻ ബൗളർ കഗിസോ റബാഡയെയും ഓസ്ട്രേലിയയുടെ ജോഷ് ഹേസിൽവുഡിനെയും മറികടന്നാണ് ബുംറ ഒന്നാമതെത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് താരം ഒന്നാമതെത്തുന്നത്. റബാഡയ്ക്ക് 872 റേറ്റിംഗും ഹേസിൽവുഡിന് 860 റേറ്റിംഗുമാണുള്ളത്. പെർത്തിൽ കളിച്ചില്ലെങ്കിലും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നാലാമതെത്തി.
അതേസമയം, സെഞ്ചുറിയോടെ തന്റെ തിരിച്ചു വരവ് ആഘോഷമാക്കിയ സൂപ്പർതാരം വിരാട് കോഹ്ലി ബാറ്റർമാരുടെ റാങ്കിംഗിൽ ഒമ്പതു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. 689 റേറ്റിംഗുമായാണ് കോഹ്ലിയുടെ മുന്നേറ്റം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ആദ്യമായിട്ടായിരുന്നു വിരാട് ആദ്യ 20ൽ നിന്നും പുറത്തുപോയത്. അതോടൊപ്പം സെഞ്ചുറിയോടെ ഫോം തുടരുന്ന യുവതാരം യശസ്വി ജയ്സ്വാൾ 825 റേറ്റിംഗ് പോയിൻറോടെ രണ്ടു സ്ഥാനം കയറി രണ്ടാം റാങ്കിലെത്തി. ആറാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ.
ഇംഗ്ലീഷ് സൂപ്പർതാരം ജോ റൂട്ടാണ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം റാങ്കിൽ. കെയ്ൻ വില്യംസൺ, ഹാരി ബ്രൂക്ക്, ഡാരിൽ മിച്ചൽ എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ.
Leave a Comment