കോട്ടയം: ഇപി ജയരാജൻറെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എബി ശ്രീകുമാറിന് സസ്പെൻഷൻ. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.
വിവാദവുമായി ബന്ധപ്പെട്ട് ഡിസി രവിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170ൽ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും ഡിസി രവി അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഇതോടെ ഇപി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്.
എന്നാൽ ജയരാജനുമായി വാക്കാൽ കരാർ ഉണ്ടെന്ന് രവി ഡിസി മൊഴി നൽകിയിരുന്നു. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്നു തന്നെ ഡിജിപിക്ക് കൈമാറും. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിലാണ് ഇപി ജയരാജൻറെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള പുസ്തകത്തിലെ ഭാഗങ്ങൾ പുറത്തെത്തിയത്. ഇത് ഏറെ വിവാദമായിരുന്നു.
Leave a Comment