13-ാം വയസിൽ കോടീശ്വരൻ, ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, രഞ്ജി കളിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരം, ഇനി’ ചേട്ടന്റെ’ ശിക്ഷണത്തിൽ അനിയൻ കളിക്കും

ജിദ്ദ: 12, 13 വയസിൽ പലരും എന്തുചെയ്യുകയായിരുന്നെന്നു ചിന്തിച്ചാൽ പല ഉത്തരങ്ങളാകും. എന്നാൽ ബിഹാറുകാരൻ വൈഭവ് സൂര്യവംശിയോട് ചോദിച്ചാൽ കൃത്യമായ ഉത്തരം ഉണ്ടാകും. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവംശിയെ സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. അതും1.1 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ ടീം സ്വന്തമാക്കിയത്.

30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ വാശിയേറിയ ലേലം വിളിയിൽ പൊന്നും വിലകൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് ചേട്ടനും ചേട്ടന്റെ ടീമും.

ബിഹാർ സമസ്തിപുർ സ്വദേശിയായ ഈ 13-കാരൻ ഈവർഷം ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പട്‌നയിൽ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി.

യുവരാജ് സിങ്ങിനും സച്ചിൻ തെണ്ടുൽക്കർക്കും മുൻപേ രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാൻ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീൻ, (12 വർഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വർഷവും 76 ദിവസവും) മുഹമ്മദ് റംസാൻ (12 വർഷവും 247 ദിവസവും) ആണ് വൈഭവിനേക്കാൾ ചെറിയ പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവർ.

‍മാത്രമല്ല ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ എ ടീമിനുവേണ്ടിയും വൈഭവ് ഇറങ്ങി. 62 പന്തിൽ നിന്ന് 104 റൺസെടുത്ത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അന്ന് പതിമൂന്ന് വർഷവും 188 ദിവസവുമായിരുന്നു വൈഭവിന് പ്രായം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അന്ന് വൈഭവ് നേടിയത്.

pathram desk 5:
Related Post
Leave a Comment