ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി കൂടുതൽ പണം ചെലവഴിച്ചത് എപ്പോൾ?- വരുൺ ധവാൻ, എന്റെ എക്‌സിന് നൽകിയ വിലയേറിയ സമ്മാനങ്ങൾ നൽകിയപ്പോൾ- സാമന്ത, നാഗചൈതന്യയെ ‌ട്രോളി ആരാധകൻ

എന്തിനോ വേണ്ടി തിളച്ച സാമ്പാറായിരുന്നു നാഗചൈതന്യയ്ക്ക് നൽകിയ സമ്മാനങ്ങളെന്ന കണ്ടെത്തലിലാണ് നടി സാമന്ത ഇപ്പോൾ. ‘സിറ്റാഡൽ: ഹണി ബണ്ണി’ എന്ന സീരിസിന്റെ പ്രോമോഷൻ പരിപാടിയിൽ സഹതാരം വരുൺ ധവാനുമായി നടത്തിയ സംഭാഷണത്തിലാണ് സാമന്ത തന്റെ മുൻ ഭർത്താവ് നാഗചൈതന്യയുടെ പേരെടുത്ത് പറയാതെ പറഞ്ഞത്.

‘ഒരു ഉപയോഗവുമില്ലാത്ത കാര്യത്തിനായി കൂടുതൽ പണം ചെലവഴിച്ചത് എന്തിനു വേണ്ടിയായിരുന്നു’ എന്നായിരുന്നു വരുൺ ധവാന്റെ ചോദ്യം. ‘എന്റെ എക്‌സിന് നൽകിയ വിലയേറിയ പാരിതോഷികങ്ങൾ’ എന്നായിരുന്നു നടിയുടെ മറുപടി. എത്ര പണമാണ് ചെലവാക്കിയത് എന്നാണ് വരുൺ തുടർന്ന് ചോദിച്ചത്. തുക പറഞ്ഞില്ലെങ്കിലും എന്നാൽ ചിരിച്ചു കൊണ്ട് ‘കുറച്ചധികം’ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഇതോടെ നാ​ഗചൈതന്യയെ ട്രോളി സാമന്തയുടെ ആരാധകർ രം​ഗത്ത് എത്തി. സാമന്തയുടെയും വരുണിന്റെയും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഡിയോയ്ക്കു താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. വിവാഹ സമയത്ത് സാമന്ത വിലകൂടിയ ഒരു ബൈക്ക് നാഗചൈതന്യയ്ക്കു സമ്മാനമായി നൽകിയെന്നാണ് ഒരാൾ കമന്റ് ചെയ്തത്. സാമന്ത കഷ്ടപ്പെട്ട് സമ്പാദിച്ച പൈസയാണ് പാഴായി പോയതെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്.

2017-ലാണ് വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുന്നത്. എന്നാൽ 2021-ൽ താരദമ്പതികൾ വേർപിരിഞ്ഞു. പിന്നീട് നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അടുത്തമാസമാണ് ഇരുവരുടേയും വിവാഹം.

pathram desk 5:
Related Post
Leave a Comment