പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അലീന ദിലീപ്, എടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വീടുകളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനിൽ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിൻസിപ്പലിന് പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ മൊഴികളിലെ വൈരുധ്യം, ഫോൺ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നടപടി.
പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവർ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. അതേ സമയം അമ്മുവിന്റെ ഫോൺ കോടതിയിലാണുള്ളത്. അതിനാൽ പരിശോധനയ്ക്കായി വിട്ടിട്ടില്ല. മാത്രമല്ല അമ്മുവിന്റെ പുസ്തകത്തിൽ ‘ഐ ക്വിറ്റ്’ എന്നെഴുതിയത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് സഹോദരൻ അഖിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കയ്യക്ഷരം അമ്മുവിന്റേതാണോ എന്ന് ഉറപ്പിക്കുന്നതിനായി ഫോറൻസിക് സയൻസ് ലാബോറട്ടറിയിൽ വിടുമെന്നും ഡിവൈഎസ്പി അറിയിച്ചു.
അതേ സമയം അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട് അടുത്ത ആഴ്ച കൈമാറിയേക്കും. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നാണു സൂചന.
ഇന്നലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ അമ്മുവിന്റെ സഹോദരൻ അഖിൽ, അമ്മുവിന്റെ ചികിത്സാ കാര്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ചയുണ്ടായി എന്ന വിമർശനം ആവർത്തിച്ചു. ആശുപത്രിയിലെത്തിയ സമയം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും സഹോദരൻ പൊലീസിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്കു റഫർ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. അന്ന് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ആരോ ബോധപൂർവം പറഞ്ഞതാണ് ഇക്കാര്യം. അമ്മുവിന്റെ പുസ്തകത്തിൽ ‘ഐ ക്വിറ്റ്’ എന്ന് എഴുതിയ കയ്യക്ഷരം സഹോദരിയുടേതല്ലെന്നും അഖിൽ ഉറപ്പിച്ചു പറഞ്ഞു. ഇതേ തുടർന്നാണ് അമ്മുവിന്റെ പുസ്തകം ഫോറൻസിക് പരിശോധനയ്ക്കയക്കുന്നത്.
അതുപോലെ അമ്മു ഉപയോഗിച്ചിരുന്ന ഫോൺ സംബന്ധിച്ചും അഖിൽ സംശയം ഉന്നയിച്ചു. എപ്പോഴും ഫോൺ ലോക്ക് ചെയ്യുന്ന അമ്മുവിന്റെ ഫോൺ പൊലീസിന്റെ കയ്യിൽ കിട്ടുമ്പോൾ തുറന്ന നിലയിൽ ആയിരുന്നു. അതിലെ ചില കോൺടാക്ട് നമ്പറുകൾ ഡിലീറ്റ് ചെയ്തതായി സംശയം ഉണ്ട്’– അഖിൽ പറഞ്ഞു. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതൊന്നും സഹപാഠികളായ ബാക്കി 6 പേരിൽ നിന്നുകൂടി വിവരങ്ങൾ ശേഖരിക്കണമെന്നും അമ്മുവിന്റെ അച്ഛൻ സജീവ് പറഞ്ഞു. ‘എന്തൊക്കെയോ തിരിമറികൾ നടന്നതായി സംശയമുണ്ട്. അപകടത്തിനു ശേഷം സംഭവിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകും. ഇനി ഒരു കുട്ടിക്കും ഇത്തരത്തിലുള്ള ഗതികേട് ഉണ്ടാകരുത്. കോളേജിലെ പ്രിൻസിപ്പൽ ഉൾപ്പെടെ 4 അധ്യാപകർ ഇന്നലെ എത്തിയിരുന്നു. ഞങ്ങൾ അമ്മുവിനോടൊപ്പം എന്ന് പറഞ്ഞാണ് അവർ മടങ്ങിയതെന്നും അച്ഛൻ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം കൂട്ടിച്ചേർത്തു.
Leave a Comment