പത്തനംതിട്ട നഴ്സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് വിദ്യാർഥിനികൾ കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്താൻ സാധ്യത; കോളേജ് അധികൃതരുടെ വിശദീകരണത്തിലും പൊരുത്തക്കേട്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ സജീവിന്റെ സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യത.

നവംബർ 15നാണ് നാലാം വർഷ നഴ്സിങ് വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ അമ്മു എ. സജീവ് (22) ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും വിദ്യാർഥിനി മരിച്ചിരുന്നു. സഹപാഠികൾ തന്നെ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളേജ് അധികൃതർ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചു. മാത്രമല്ല മരണത്തിൽ കോളേജ് അധികൃതരുടെ വിശദീകരണത്തിൽ പൊരുത്തക്കേടുകളെന്നും ആരോപണം ഉയർന്നിരുന്നു.

നാലരയോടെ വിദ്യാർഥിനികൾ അമ്മു കെട്ടിടത്തിൽ നിന്നു ചാടിയെന്ന് ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജിൽനിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്.

2.6 കിലോമീറ്റർ ദൂരമാണ് ജനറൽ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാൻ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂർ 37 മിനിറ്റ് ആശുപത്രിയിൽ കിടത്തിയെന്നാണ് പറയുന്നത്. അതിനു ശേഷം അവിടെ സൗകര്യങ്ങളില്ലാത്തതിനാൽ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചെന്നും പറയുന്നു. അമ്മുവിന്റെ ചികിത്സയ്ക്ക് തടസം നിന്നവർ ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കൾ പറഞ്ഞു.

pathram desk 5:
Related Post
Leave a Comment