കൊച്ചി: സ്വർണവില കുറച്ചുദിവസത്തേക്ക് പതുങ്ങിയ നിലയിലായിരുന്നെങ്കിലും വീണ്ടും കുതിച്ചുകയറുന്നു. സംസ്ഥാനത്ത് ഇന്ന് പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 56,520 രൂപയിലും ഗ്രാമിന് 7,065 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വില 5,830 രൂപയാണ്.
ദിവസങ്ങളുടെ വ്യത്യാസത്തിൽ ഏകദേശം 3500 രൂപ കുറഞ്ഞ ശേഷം തിങ്കളാഴ്ച മുതൽ വർദ്ധനവ് കാണുവാൻ തുടങ്ങി. തിങ്കളാഴ്ച പവന് 480 രൂപ വർധിച്ചിരുന്നു. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വർധിച്ചത്. കഴിഞ്ഞ ഒരാഴ്ച കേരള വിപണിയിൽ സ്വർണത്തിന് കുറഞ്ഞത് 2,800 രൂപയാണ്.
ഈ മാസത്തിൻറെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുവേള സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ അമേരിക്കൻ ഇലക്ഷനും ഡോളറിനു വില വർദ്ധനവും വന്നതോടെ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അതേസമയം വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 99 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
Leave a Comment