ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടായിരുന്നില്ലല്ലോ പരാതി നൽകാൻ, എന്തുകൊണ്ടത് ചെയ്തില്ല?- സുപ്രിം കോടതി, സംഭവം പുറത്തറിയിക്കാനാണ് ഇര ശ്രമിച്ചത്, അതിന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു- നടിയുടെ അഭിഭാഷക

ന്യൂഡൽഹി: ഫേസ്ബുക്കിൽ പോസ്റ്റിടാൻ കാണിച്ച ധൈര്യം വേണ്ടിയിരുന്നില്ലല്ലോ പരാതി നൽകാൻ? എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

പരാതി നൽകാൻ എന്തുകൊണ്ട് 8 വർഷത്തെ കാലതാമസമെടുത്തുവെന്ന ചോദ്യം ബെഞ്ച് ആവർത്തിച്ചു. 2016ലാണു സംഭവം നടന്നതെന്നും 2018ൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേസിന്റെ ഗൗരവസ്വഭാവവും കണക്കിലെടുത്ത കോടതി, മുൻകൂർ ജാമ്യം അനുവദിക്കുന്നതിലെ കൂടുതൽ കാരണങ്ങൾ ഉത്തരവിൽ വിശദീകരിക്കുന്നില്ലെന്ന് സൂചിപ്പിച്ചു.

എന്നാൽ സംഭവത്തെക്കുറിച്ചു പുറത്തു പറയാനുള്ള ശ്രമമാണ് ഫേസ്ബുക്കിലൂടെ അതിജീവിത നടത്തിയതെന്നും സിദ്ദീഖിന്റെ അനുയായികളിൽനിന്ന് വലിയ തിരിച്ചടി ഇതിനവർക്ക് നേരിടേണ്ടി വന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടും കേരള ഹൈക്കോടതിയുടെ ഇടപെടലുമാണു കേസിൽ പരാതി നൽകാൻ ധൈര്യം നൽകിയതെന്നും വൃന്ദ ഗ്രോവർ കോടതിയിൽ ചൂണ്ടിക്കാട്ടി.

തിരിച്ചടി കിട്ടിയതോടെ നടി പിൻവാങ്ങി. എന്നാൽ തനിക്ക് ആശ്രയിക്കാൻ കഴിയുന്ന സംവിധാനമുണ്ടെന്നു ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത പരാതിക്കു തയാറായത്, സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അന്വേഷണത്തെയും കേസിലെ വിചാരണയെയും പ്രതികൂലമായി ബാധിക്കുമെന്നും വൃന്ദ ഗ്രോവർ വാദിച്ചു.

നടി എല്ലാവർക്കുമെതിരെ ഒരുപോലുള്ള പരാതികളാണ് അതിജീവിത ഉന്നയിക്കുന്നതെന്നും അതെങ്ങനെ സാധ്യമാകുമെന്നും സിദ്ദീഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗി വാദത്തിനിടെ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യയുണ്ടായെന്നും റോഹത്ഗി പറഞ്ഞപ്പോൾ, ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും ഫേസ്ബുക്ക് ആരോപണങ്ങളിൽ ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി വാക്കാൽ പരാമർശിച്ചു. പരാതിയിൽ പറയുന്ന ദിവസം രക്ഷിതാക്കൾക്കൊപ്പമാണു പരാതിക്കാരി എത്തിയതെന്നു റോഹത്ഗി ചൂണ്ടിക്കാട്ടി. തനിച്ചു ഹോട്ടലിൽ കണ്ടുവെന്നാണ് പരാതിയിലുള്ളത്. അതു അപകീർത്തികരമാണെന്നും പറഞ്ഞു.


സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ രഞ്ജിത് കുമാറും സ്റ്റാൻഡിങ് കോൺസൽ നിഷെ രാജൻ ശങ്കറും മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ നിശിതമായി വിമർശിച്ചു. അന്വേഷണത്തോടു സഹകരിക്കാതെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ഫോണും മറ്റും ഹാജരാക്കുന്നില്ലെന്നും ര‍ഞ്ജിത് കുമാർ വാദിച്ചു. എന്നാൽ കോടതി, കേരള സർക്കാരും പരാതിക്കാരിയും ഉയർത്തിയ ശക്തമായ വാദങ്ങൾക്കിടയിലും സിദ്ദീഖിനു മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സിദ്ദീഖ് വിചാരണ കോടതിയിൽ സമർപ്പിക്കണം. അന്വേഷണത്തോടു സഹകരിക്കുകയും വേണമെന്നു ജസ്റ്റിസ് ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെ‍ഞ്ച് നിർദേശിച്ചു. മറ്റ് ഉപാധികൾ കൂടി ആവശ്യമെങ്കിൽ വിചാരണക്കോടതിക്കു നിശ്ചയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

pathram desk 5:
Leave a Comment