ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ 50 കമ്പതി കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഘർഷം അതിന്റെ മൂർദ്ധന്യത്തിലെത്തിയതോടെയാണ് അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫിൽ നിന്ന് 35 യൂണിറ്റും ബിഎസ്എഫിൽ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ഡൽഹിയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഇതിനുശേഷമാണ് മണിപ്പൂരിലേക്ക് കൂടുതൽ കേന്ദ്ര സേനയെ അയച്ചത്.
ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. നവംബർ 12-ന് അർധസൈനിക വിഭാഗങ്ങളിൽ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച വിവിധ സേനാ വിഭാഗങ്ങളിലായി 218 കമ്പനികൾ മണിപ്പുരിലുണ്ട് (CRPF-115, BSF-84, ITBP-5, SSB-6). കൂടാതെ, സൈന്യവും അസം റൈഫിൾസും സംസ്ഥാനത്തുണ്ട്.
സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കി വിമതർ കൊല്ലപ്പെട്ടതിനെ തുടർന്ന് കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമടങ്ങുന്ന ആറ് മെയ്തികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. കഴിഞ്ഞ ദിവസം കുക്കികൾ തട്ടിക്കൊണ്ടുപോയ 60 കാരിയുടേയും രണ്ടുവയസുകാരന്റെയും മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തിരുന്നു.
അതേ സമയം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 11 കുക്കി യുവാക്കളുടെ സംസ്കാരം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ നടത്താൻ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
Leave a Comment