ബോളിങ്ങ് മാത്രമല്ല, വേണമെങ്കിൽ ബാറ്റിങ്ങിലും ഒരു കൈ നോക്കും; പത്താമനായെത്തി 36 ൽ 37; ഷമിയുടെ ബാറ്റിങ്ങിൽ ​ബം​ഗാളിന് നാടകീയ ജയം

ഇൻഡോർ: പരിക്കിന്റെ പിടിയിലമർന്ന് ഒരുവർഷം കളം വിട്ടുനിൽക്കേണ്ടി വന്നെങ്കിലും മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് രാജകീയമായി. ബാറ്റുകൊണ്ടും ആഘോഷമാക്കിയ വെറ്ററൻ താരം മുഹമ്മദ് ഷമിയുടെ മികവിൽ, മധ്യപ്രദേശിനെതിരായ ര‍ഞ്ജി മത്സരത്തിൽ ബംഗാളിന് നാടകീയ വിജയം.

ബംഗാൾ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ്, 99.2 ഓവറിൽ 326 റൺസിന് പുറത്തായി. വിജയസാധ്യത ഇരുവശത്തേക്കും മാറിമറിഞ്ഞ ഉദ്യോ​ഗ നിമിഷങ്ങൾക്കൊടുവിൽ, കുമാർ കാർത്തികേയ സിങ്ങിനെ പുറത്താക്കി മുഹമ്മദ് ഷമി തന്നെ ടീമിന് 11 റൺസിന്റെ വിജയം സമ്മാനിച്ച‌ു. സ്കോർ: ബംഗാൾ – 228, 276, മധ്യപ്രദേശ് – 167, 326.

ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഷമി, രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റും സ്വന്തമാക്കി. ഷമിക്കു പുറമേ നാലു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീം, രണ്ടു വിക്കറ്റെടുത്ത രോഹിത് കുമാർ എന്നിവർ കൂടി ചേർന്നാണ് മധ്യപ്രദേശിനെതിരെ ടീമിന് വിജയം സമ്മാനിച്ചത്.

ഇത്തവണത്തെ കളിയിൽ ഷമിയുടെ പന്തുകൊണ്ടുള്ള സംഭാവനയേക്കാൾ ബാറ്റുകൊണ്ടുള്ള സംഭാവനയാണ് മത്സരത്തിൽ ബംഗാളിന് വിജയം സമ്മാനിച്ചതെന്ന് നിസംശയം പറയാം. പത്താമനായി ഇറങ്ങി 36 പന്തിൽ 37 റൺസെടുത്താണ് ഷമി ബാറ്റിങ്ങിലും കരുത്തു തെളിയിച്ചത്. ഷമിയുടെ കൂടി ഇന്നിങ്സിന്റെ ബലത്തിലാണ് ബംഗാൾ രണ്ടാം ഇന്നിങ്സിൽ 88.3 ഓവറിൽ 276 റൺസെടുത്തത്. ഒടുവിൽ മധ്യപ്രദേശിനെതിരെ ബംഗാൾ 11 റൺസിന്റെ നേരിയ വിജയം സ്വന്തമാക്കുമ്പോൾ, ഷമിയുടെ ഇന്നിങ്സിന് സുവർണത്തിളക്കം. ഒന്നാം ഇന്നിങ്സിൽ ആറു പന്തിൽ 2 റൺസുമായി പുറത്തായതിന്റെ നിരാശ മറന്നാണ് രണ്ടാം ഇന്നിങ്സിൽ ഷമിയുടെ പ്രകടനം.

രണ്ടാം ഇന്നിങ്സിൽ 219 റൺസെടുക്കുന്നതിനിടെ എട്ടാമനായി വൃദ്ധിമാൻ സാഹ പുറത്തായതോടെയാണ് മുഹമ്മദ് ഷമി ക്രീസിലെത്തുന്നത്. പിന്നാലെ 18 റൺസ് കൂട്ടുകെട്ട് തീർത്ത് സൂരജ് സിന്ധു ജയ്സ്വാളും പുറത്തായി. ഇതിനു ശേഷമായിരുന്നു ഷമിയുടെ സ്ഫോടനാത്മക ബാറ്റിങ്. പത്താമനായി ക്രീസിലെത്തിയ ഷമി, ഒൻപതാം വിക്കറ്റിൽ സുരാജ് സിന്ധു ജയ്സ്വാളിനൊപ്പം 26 പന്തിൽ കൂട്ടിച്ചേർത്തത് 18 റൺസ്. പിന്നാലെ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ 41 പന്തിൽ 39 റൺസ് കൂടി കൂട്ടിച്ചേർത്തതോടെയാണ് മധ്യപ്രദേശിനു മുന്നിൽ 338 റൺസ് വിജയലക്ഷ്യം ഉയർന്നത്.

നേരത്തേ, ഒന്നാം ഇന്നിങ്സിൽ മധ്യപ്രദേശിന്റെ നാലു വിക്കറ്റുകൾ പിഴുത് ബോളിങ്ങിലും ഷമി തിളങ്ങിയിരുന്നു. ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം കാൽക്കുഴയ്ക്കു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഷമിയുടെ തിരിച്ചുവരവിലെ ആദ്യ മത്സരമാണിത്. രഞ്ജിയിലൂടെ ശക്തമായി തിരിച്ചുവരവറിയിച്ച ഷമിയെ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുണ്ട്. ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 22ന് പെർത്തിൽ ആരംഭിക്കും.

pathram desk 5:
Related Post
Leave a Comment