ആലപ്പുഴ: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പുസ്തകം സംബന്ധിച്ച് ഇപിയുമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി. പുറത്തുവന്നു കൊണ്ടിരിക്കുന്ന വിവാദപരമായ കാര്യങ്ങൾ ആ പുസ്തകത്തിൽ എഴുതാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുവരെ എഴുതിയ ഭാഗത്ത് ഇതൊന്നുമില്ല എന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കി. അലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മറ്റി ഓഫിസ് ഉദ്ഘാടത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങൾക്ക് സംശയമുണ്ടായിരുന്നു, സരിൻ എന്നായാളെ ജയരാജന് അറിയുമോ എന്ന്. കാരണം സരിൻ ഇപ്പോഴാണല്ലോ ഞങ്ങളുടെ കൂട്ടത്തിലേക്ക് വന്നത്. സരിൻ നല്ല മിടുക്കനായ ഒരാളാണ്. അതിൽ വേറെ സംശയമൊന്നുമില്ല. പക്ഷെ നേരത്തെ സരിൻ മറ്റൊരു ചേരിയിൽ ആയിരുന്നല്ലോ. അതുകൊണ്ട് സരിനെ ജയരാജന് അറിയാമോ എന്നൊരു സംശയം ഉണ്ടായിരുന്നു. സരിനെ കുറിച്ച് പുസ്തകത്തിൽ വളരെ മോശമായത് ഉണ്ടെന്നായിരുന്നു വാർത്തകളിൽ വന്നത്.
അപ്പോൾ ജയരാജനോട് ചോദിച്ചു, നിങ്ങൾക്ക് സരിനെ അറിയാമായിരുന്നോയെന്ന്. സരിനെ എനിക്ക് അറിയില്ലായിരുന്നു എന്നും താൻ അദ്ദേഹത്തെ കുറിച്ച് യാതൊന്നും പുസ്തകത്തിൽ പരാമർശിച്ചിട്ടുമില്ലെന്നുമായിരുന്നു ജയരാജന്റെ മറുപടി. എന്താണിത്. ഏതെല്ലാം തരത്തിലാണ് വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കുന്നതെന്നും മുഖ്യമന്ത്രി
ഒന്നരവർഷം മുൻപാണ് ബിജെപി നേതാവായ ജാവദേക്കറെ ജയരാജൻ കണ്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം, അന്ന് ജാവദേക്കറെ ജയരാജൻ കണ്ട പോലെയാണ് വാർത്തകൾ പുറത്തു വന്നത്. ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. ആ ദിവസം നോക്കി സൂക്ഷ്മായി ഈ വാർത്ത മെനഞ്ഞെടുക്കുന്നു. ഇതല്ലേ വിവാദ പണ്ഡിതന്മാർ ചെയ്യുന്ന കാര്യം. എല്ലാത്തിനും ചില വ്യക്തമായ ഉന്നങ്ങളുണ്ട്. ആ ഉന്നങ്ങൾ ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുന്ന യുഡിഎഫിനെയും ബിജെപിയേയും സഹായിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment