ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിലെത്തിയ 40 കാരൻ ഭാര്യയേയും രണ്ടു വയസുകാരി മകളേയുമുൾപ്പെടെ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തി. പോലീസുകാരുൾപ്പെടെ ഏഴു പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.
സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് നികം സാങ്ബിയ എന്നയാൾ ആക്രമണം നടത്തിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യ തഡു സാങ്ബിയ (38), മകൾ നകിയ സാങ്ബിയ (2) എന്നിവരെ കയ്യിലിരുന്ന പരമ്പരാഗത വാൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിൽനിന്നും നികം സാങ്ബിയയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കുടുംബ പ്രശ്നമാണോ ആക്രമണത്തിനു പിന്നിലുള്ള കാരണമെന്ന് അന്വേഷിക്കുകയാണെന്ന് ഈസ്റ്റ് കാമെംഗ് പോലീസ് സൂപ്രണ്ട് കാംദം സികോം പറഞ്ഞു.
Leave a Comment