വാതിലിൽ മുട്ടുകേട്ട് തുറന്നതേ മുഖത്ത് തുരുതുരാ വെട്ട്, ഇരുമ്പ് പൈപ്പ് കൊണ്ട് കൊടിയ മർദ്ദനം, പിൻതിരിയുന്നതിന് മുൻപ് കമ്പുകൊണ്ട് കുത്തി മരണം ഉറപ്പാക്കി, ഭയന്ന് വിറച്ച് ഒരമ്മയും കട്ടിലിൽ ജീവശവമായി കിടന്ന ഒരച്ഛനും; ദളിത് യുവാവിന്റെ കൊലപാതകത്തിൽ അച്ഛനും മകനും ജീവപര്യന്തം

കൊട്ടാരക്കര: പുരയിടത്തിലേക്ക് തേക്കിൻചില്ല മുറിച്ചിട്ടതിന്റെ പേരിൽ തുടങ്ങിയ വഴക്ക് ചെന്നെത്തിയത് കൊലപാതകത്തിൽ. അയൽവാസിയായ ദളിത് യുവാവിനെ വീടുകയറി വെട്ടിക്കൊലപ്പെടുത്തിയ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ. കുന്നിക്കോട് പച്ചിലവളവ് കടുവാൻകോട് വീട്ടിൽ അനിൽകുമാർ (35) കൊല്ലപ്പെട്ട കേസിൽ ആൽഫി ഭവനിൽ സലാഹുദ്ദീൻ (63), മകൻ ദമീജ് (28) എന്നിവർക്ക് ജീവപര്യന്തം തടവും 50,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു.

2022 സെപ്റ്റംബർ 17-നായിരുന്നു കേസിനാസ്പദമായ സംഭവം. അനിൽകുമാറിന്റെ പുരയിടത്തിലെ തേക്കുമരത്തിന്റെ ചില്ല മുറിച്ചത് അയൽപുരയിടത്തിൽ വീണതിനെ ചൊല്ലി അനിൽ കുമാർ കൊല്ലപ്പെടുന്നതിന് മൂന്നുദിവസംമുൻപ്‌ തർക്കവും സംഘർഷവും ഉണ്ടായിരുന്നു. ആദ്യദിവസം അയൽവാസികളുമായി തർക്കമുണ്ടായപ്പോൾ അനിൽകുമാറിന് മർദനമേൽക്കുകയും തലയ്ക്ക് അടിയേറ്റ് മുറിവുണ്ടാവുകയും ചെയ്തിരുന്നു.

തുടർന്ന് പരാതിയുമായി കുന്നിക്കോട് സ്റ്റേഷനിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ ഗൗരവമായി കണ്ടില്ല. ഇതിന്റെ തുടർച്ചയായി 17-ന് പുലർച്ചെ രണ്ടോടെ പ്രതികൾ കൊലപാതകം നടത്തിയത്. തുടരെത്തുടരെ മുട്ടുകേട്ട് വാതിൽ തുടന്ന അനിൽകുമാറിന്റെ മുഖത്തും തലയിലും വെട്ടുകയും ഇരുമ്പു പൈപ്പുകൊണ്ട്‌ ദേഹമാസകലം മർദിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

അനിൽകുമാറിനെ കൊല്ലപ്പെടുത്തിയശേഷം കാട്ടുകമ്പുകൊണ്ട് കുത്തി മരണം ഉറപ്പാക്കിയ ശേഷമായിരുന്നു പിൻവാങ്ങിയത്. 48 മുറിവുകളാണ് അനിൽകുമാറിന്റെ ശരീരത്ത് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം മൂന്നുദിവസംമുൻപ്‌ ഇതേ അക്രമികൾ തലയിലടിച്ചുണ്ടായ മുറിവായിരുന്നു.

അനിൽ കുമാറിന്റെ അമ്മ ലക്ഷ്മിയുടെ മുന്നിലിട്ടായിരുന്നു മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മകന്റെ മരണം കൺമുന്നിൽ കണ്ട് ഉറക്കെ നിലവിളിക്കാനെ ലക്ഷ്മിയമ്മയ്ക്ക് കഴിയുമായിരുന്നുള്ളൂ. അകത്തെ മുറിയിൽ തളർന്നുകിടന്നിരുന്ന അച്ഛൻ കൊച്ചുചെറുക്കൻ മകന്റെ മരണം അറിഞ്ഞതേയില്ല.

അക്രമത്തിനായി പുലർച്ചെ രണ്ടുമണി തിരഞ്ഞെടുത്തതും കൃത്യം കഴിഞ്ഞു പോകുംമുൻപ്‌ കമ്പുകൊണ്ടുകുത്തി മരണം ഉറപ്പാക്കിയതും ബോധപൂർവമായ കൊലപാതകമാണ് നടന്നതെന്നതിനു തെളിവാണെന്ന് കോടതി കണ്ടെത്തി.

ക്രൂരമായ കോലപാതകം നേരിൽ കണ്ട സമീപവാസികളിൽ ഒരാൾപോലും സാക്ഷിപറയാൻ തയ്യാറാകാതിരുന്നിട്ടും അമ്മ ലക്ഷ്മിയെ ദൃക്സാക്ഷിയായി ഉൾപ്പെടുത്തി പോലീസ് കേസ് തെളിയിക്കുകയായിരുന്നു.

തളർവാതത്താൽ കിടപ്പിലായ അനിലിന്റെ അച്ഛൻ കൊച്ചുചെറുക്കൻ കഴിഞ്ഞ ഡിസംബറിൽ മരിച്ചു. മകനെ കൊന്നവർക്ക് ശിക്ഷ ലഭിക്കണമേ എന്ന പ്രാർഥനയിലായിരുന്നു ലക്ഷ്മി. പ്രതികൾക്കു ജീവപര്യന്തം വിധിച്ചതോടെ പൊട്ടിക്കരഞ്ഞുകൊണ്ടവർ നീതിപീഠത്തെ തൊഴുതു. 50,000 രൂപവീതം പിഴയും ശിക്ഷവിധിച്ചു.

ദൃക്സാക്ഷിയായി അമ്മ ലക്ഷ്മി മാത്രം ഉണ്ടായിരുന്ന കേസിൽ 24 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 46 തെളിവുകളും ഹാജരാക്കി. ഇന്ത്യൻ ശിക്ഷാനിയമം 449, 302, 34 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴത്തുക കൊല്ലപ്പെട്ട അനിൽകുമാറിന്റെ അമ്മയ്ക്ക് നൽകണം. നഷ്ടപരിഹാരത്തിനും ഇവർക്ക് അർഹതയുണ്ടെന്ന് കോടതി പറഞ്ഞു.

കേസ് അന്വേഷിച്ച ഡിവൈഎസ്പി ജി.ഡി.വിജയകുമാറും സംഘവും കേസ് നടത്തിയ പ്രോസിക്യൂഷൻ അഭിഭാഷകരും കാട്ടിയ ശ്രദ്ധയും അനിൽകുമാറിന്റെ നിർധന കുടുംബത്തിന് നീതി ലഭ്യമാകുന്നതിന് കാരണമായി. പ്രതികളിലൊരാളെ തമിഴ്‌നാട്ടിലെ ഏർവാടിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയിൽ ജാമ്യ ഹർജി നിലനിൽക്കെത്തന്നെ വിചാരണക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചെന്ന കാരണത്താൽ പ്രതികൾക്ക് ജാമ്യം ലഭിച്ചില്ല.

pathram desk 5:
Leave a Comment