റോബർട്ട് എഫ് കെന്നഡി ജൂനിയറിന് ആരോഗ്യ മനുഷ്യസേവന വകുപ്പ് ചുമതല; യുഎസ് വാക്‌സിൻ നിർമാതാക്കൾക്ക് ട്രംപിന്റെ വക ഇരുട്ടടി; ഓഹരികൾ കുത്തനെ ഇടിഞ്ഞു

വാഷിങ്ടൺ: വാക്‌സിൻ വിരുദ്ധ പ്രവർത്തകൻ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നൽകി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. കെന്നഡി ജൂനിയറിനോട് തൽക്കാലത്തേക്ക് ആക്ടിവിസത്തിൽ നിന്ന് മാറി നിൽക്കാനും നല്ല ദിവസങ്ങൾ ആസ്വദിക്കാനും വിജയത്തിന് ശേഷമുള്ള പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ യുഎസിലെ വാക്‌സിൻ നിർമാതാക്കളുടെ ഓഹരികൾ ഇടിഞ്ഞു. കോവിഡ് വാക്സിൻ നിർമാതാക്കളായ മോഡേണ ഇൻകോർപ്പറേറ്റ് വ്യാഴാഴ്ച പതിവ് ട്രേഡിംഗിൻ്റെ അവസാനത്തിൽ 5.6 ശതമാനം ഇടിഞ്ഞു, വിപണിക്ക് ശേഷമുള്ള 1.4 ശതമാനം അധികമായി നഷ്ടപ്പെട്ടു. ഫൈസർ ഇൻക് റെഗുലർ ട്രേഡിംഗിൽ 2.6 ശതമാനം ഇടിഞ്ഞപ്പോൾ അതിൻ്റെ കോവിഡ് വാക്സിൻ പങ്കാളിയായ ബയോഎൻടെക് എസ്ഇ 7 ശതമാനം ഇടിഞ്ഞു. നോവവാക്സ് ഐൻസി 7 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ വിരുദ്ധവാദിയാണ് റോബർട്ട് എഫ് കെന്നഡി. വാക്‌സിനുകൾ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുമെന്നാണ് കെന്നഡിയുടെ പ്രധാന വാദം. വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമാണ്. ഇത്തരത്തിൽ അശാസ്ത്രീയ വാദങ്ങളെ പിന്തുണയ്ക്കുന്നയാളെ മരുന്നും ചികിത്സയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളെടുക്കുന്ന ഒരു പ്രധാന വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നതിനെതിരെ ആരോഗ്യ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

മരുന്ന് കമ്പനികൾ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് കെന്നഡിയുടെ നിയമനത്തെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി. ഇതവസാനിപ്പിച്ച് അമേരിക്കൻ ജനതയെ ആരോഗ്യമുള്ളവരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇറങ്ങി പിന്നീട് ട്രംപിനെ പിന്തുണച്ചയാളാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. യുഎസ് മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ അനന്തിരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബർട്ട് ജൂനിയർ.

അതേ സമയം, മാരക രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് വാക്സിനുകൾ നിർണായകമാണെന്ന് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ മാൻഡി കോഹൻ ബുധനാഴ്ച വാഷിംഗ്ടണിലെ മിൽക്കൺ ഇൻസ്റ്റിറ്റ്യൂട്ട് ഫ്യൂച്ചർ ഓഫ് ഹെൽത്ത് ഉച്ചകോടിയിൽ പറഞ്ഞിരുന്നു.

pathram desk 5:
Related Post
Leave a Comment