സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയന്‍ ഗ്രൗണ്ടിന്റെ പേര് അന്വർദ്ധമാക്കുന്ന രീതിയിലായിരുന്നു തിലക് വർമയുടെ പ്രകടനം. 56 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെനിന്ന തിലക് വര്‍മയുടെ കന്നി സെഞ്ചുറിയായിരുന്നു പിറന്നത്. ഇതോടെ മൂന്നാം ട്വന്റി 20 ക്രിക്കറ്റില്‍ 11 റണ്‍സിന് ജയിച്ച് നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (2-1).
സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 219, ദക്ഷിണാഫ്രിക്ക ഏഴിന് 208. ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച തിലക് വര്‍മയുടെ ഇന്നിങ്‌സ് എട്ടുഫോറും ഏഴു സിക്സും അടങ്ങുന്നതാണ്. മറ്റു രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനം നടത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മ (25 പന്തില്‍ 50) ഇത്തവണ അര്‍ധസെഞ്ചുറി നേടി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയില്‍ എല്ലാവരും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയെങ്കിലും ഇന്ത്യൻ സ്കോർ മറികടക്കാനായില്ല. ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് അഞ്ചാംവിക്കറ്റില്‍ 35 പന്തില്‍ 58 റണ്‍സെടുത്ത് വിജയപ്രതീക്ഷ നല്‍കി. ക്ലാസനെ (22 പന്തില്‍ 41) അര്‍ഷ്ദീപ് സിങ്ങ് പുറത്താക്കി. മില്ലറെ (18 പന്തില്‍ 18) ഹാര്‍ദിക്കിന്റെ പന്തില്‍ അക്ഷര്‍ പട്ടേല്‍ ബൗണ്ടറിലെ ലൈന്‍ ക്യാച്ചിലൂടെ മടക്കി. പിന്നീടെത്തിയ മാര്‍ക്കോ യാന്‍സെന്‍ (17 പന്തില്‍ 54) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മത്സരം കടുപ്പിച്ചു.
അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടത് 25 റണ്‍സ്. ആദ്യ പന്തില്‍ റണ്‍ എടുക്കാനായില്ല. രണ്ടാംപന്തില്‍ യാന്‍സന്റെ സിക്‌സ്. ഇതോടെ കളി ആവേശത്തിലേക്ക് നീങ്ങി. മൂന്നാംപന്തില്‍ യാന്‍സന്‍ എല്‍ബി ആയി. അതോടെ വിജയം ഇന്ത്യൻകൈപ്പിടിയിലൊതുങ്ങി. അര്‍ഷ്ദീപ് സിങ്ങ് മൂന്നു വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ടു വിക്കറ്റും നേടി.
Leave a Comment