സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല: ബോധപൂർവം ചട്ടം ലംഘിച്ചിട്ടില്ല, സുഖിപ്പിച്ച് സംസാരിക്കണമെന്ന് നിയമമില്ല, ഡോക്യുമെന്റ് ആദ്യം കൈപ്പറ്റട്ടെ, എന്നിട്ട് സംസാരിക്കാം: എൻ. പ്രശാന്ത്

തനിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ സസ്പെൻഷനാണെന്നും ബോധപൂർവം താനൊരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. സ്കൂളിലും കോളേജിലുമൊന്നും പഠിച്ചപ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല. ശരിയായ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല എന്നാണ് തന്റെ അഭിപ്രായം. ബോധപൂർവ്വം ഒരു ചട്ടവും ലംഘിച്ചതായി അറിയില്ല. മലയാളത്തിൽ പല പ്രയോഗങ്ങളുണ്ട്.

അത് ഭാഷാപരമായ ചില കാര്യങ്ങളാണ്. എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ല. സസ്പെൻഷനുമായി ബന്ധപ്പെട്ട് ഡോക്യുമെന്റ് കാണാതെ പറയുന്നത് ശരിയല്ല. എന്താണ് അതിൽ എഴുതിയിരിക്കുന്നതെന്ന് അറിയില്ല. അത് ആദ്യം കൈപ്പറ്റട്ടെ. സത്യം പറയാൻ പ്രത്യേക സാഹചര്യമൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിലെ രാഷ്ട്രീയം എനിക്ക് പറ്റിയതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? സത്യം പറയാൻ എനിക്ക് ഭരണഘടന തരുന്ന അവകാശമുണ്ടെന്ന് മാത്രമേ വിശ്വസിക്കുന്നുള്ളൂ. മറ്റുള്ളവർ അവരുടെ അഭിപ്രായം പറയുന്നു. ഞാനൊരു നിയമം പഠിച്ച വ്യക്തിയാണ്. എനിക്ക് കുറച്ചൂടെ വ്യക്തത ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഈ വിഷയത്തിൽ നിരവധി സുപ്രീംകോടതി വിധികളുമുണ്ട്. സത്യം നിങ്ങൾക്ക് പരി​ശോധിക്കാമെന്നും പ്രശാന്ത് പറഞ്ഞു.

തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമക്കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനേയും മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനേയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

pathram desk 5:
Related Post
Leave a Comment