അവസാന നിമിഷം കൈവിട്ട് ഇന്ത്യ..!!! ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിൻ്റെ തോൽവി…

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് പ്രോട്ടീസിനെ വിജയതീരത്ത് എത്തിച്ചത്.

കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിൽ ബോളർമാർ അവരുടെ പരമാവധി ശ്രമിച്ചുനോക്കിയതാണ്; സ്കോർബോർഡിൽ ബാറ്റർമാർ എത്തിച്ച റൺസ് കുറഞ്ഞത്’ ടീം ഇന്ത്യയ്ക്ക് വിനയായി.

കഴിഞ്ഞ 11 മത്സരങ്ങളായി തുടർന്നുവന്ന വിജയക്കുതിപ്പിന് നിരാശപ്പെടുത്തുന്ന വിരാമമിട്ട് ആയിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ തോൽവി.

തുടർച്ചായ രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ഭാഗ്യം കടാക്ഷിച്ച ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ഇത്തവണയും ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ വലിയ തകർച്ച അതിജീവിച്ചത്. ഇതോടെ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 124 റൺസ് നേടി.

ഇന്ത്യൻ സ്പിന്നർമാർ മധ്യ ഓവറുകളിലെ തകർപ്പൻ ബോളിങ്ങിലൂടെ ടൈറ്റാക്കിയ മത്സരം, അവസാന ഓവറുകളിൽ പേസർമാർ തിരിച്ചെത്തിയതോടെയാണ് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായത്. അതേസമയം, ഒരു ഓവർ ബോൾ ചെയ്ത് രണ്ടു റൺസ് മാത്രം വിട്ടുകോടുത്ത അക്ഷർ പട്ടേലിന്, പിന്നീട് ബോളിങ്ങിന് അവസരം നൽകാതിരുന്നത് ശ്രദ്ധേയമായി. ഈ വിജയത്തോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും. മലയാളി താരം സഞ്ജു സാംസൺ സെഞ്ചറിയുമായി തിളങ്ങിയ ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി രണ്ടു സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡുമായി ഈ മത്സരത്തിനെത്തിയ സഞ്ജു, പൂജ്യത്തിന് പുറത്തായത് നിരാശയായി.

ഒരറ്റത്തു വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന് പൊരുതിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. 41 പന്തുകൾ നേരിട്ട സ്റ്റബ്സ്, ഏഴു ഫോറുകളോടെ 47 റൺസുമായി പുറത്താകാതെ നിന്നു. പന്തും റൺസും തമ്മിലുള്ള അകലം വർധിച്ചതോടെ സമ്മർദ്ദത്തിലായ ദക്ഷിണാഫ്രിക്കയെ, ഒൻപതാമനായി ഇറങ്ങിയ ജെറാൾഡ് കോട്സെയുടെ കടന്നാക്രമണമാണ് രക്ഷപ്പെടുത്തിയത്. കോട്സെ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 20 പന്തിൽ 42 റൺസ് അടിച്ചെടുത്താണ് ടീമിനെ വിജയത്തിലെത്തിച്ചത്.

അദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക്
ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ടു. ഇന്ത്യയെ തുടരെ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്ക സമ്മർദ്ദത്തിലാക്കി. കഴി‍ഞ്ഞ മത്സരത്തിൽ തിളങ്ങിയ സ‍ഞ്ജു സാംസൺ റൺ ഒന്നുമെടുക്കാതെ പുറത്തായി. മൂന്ന് പന്തുകൾ നേരിട്ട സഞ്ജുവിനെ പുറത്താക്കി മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ അഭിഷേക് ശർമ്മയും മടങ്ങി. അഞ്ച് പന്തിൽ നാല് റൺസ് എടുത്ത അഭിഷേകിനെ ജെറാൾഡ് കോട്സെ മാർക്കോ യാൻസന്റെ കൈകളിലെത്തിച്ചു.

പിന്നാലെ എത്തിയ സൂര്യകുമാർ യാദവും കാര്യമായ സംഭാവ നൽകാതെ മടങ്ങി. ഒൻപത് പന്തിൽ നാല് റൺസ് എടുത്ത സൂര്യ ആൻഡിൽ സിമെലന്റെ പന്തിൽ എൽബിയിൽ കുരുങ്ങി. നാലാം വിക്കറ്റിൽ അക്ഷർ പട്ടേലും തിലക് വർമയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് കൂട്ടത്തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത്. 20 പന്തിൽ 20 റൺസ് എടുത്ത് തിലക് വർമയെ ഡേവിഡ് മില്ലറുടെ കൈകളിൽ എത്തിച്ച് എയ്ഡൻ മാക്രം ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 21 പന്തിൽ 27 റൺസ് എടുത്ത അക്സർ പട്ടേൽ റൺ ഔട്ടായി.

11 പന്തിൽ ഒൻപത് റൺസ് എടുക്ക് റിങ്കു സിങ്ങും മടങ്ങി. എൻകബയോംസി പീറ്ററിന്റെ പന്തിൽ കോട്സെ ക്യാച്ചെടുത്താണ് റിങ്കുവിനെ പുറത്താക്കിയത്. 45 പന്തിൽ 39 റൺസുമായി ഹാർദിക് പാണ്ഡ്യയും ആറ് പന്തിൽ ഏഴ് റൺസുമായി അർഷദീപ് സിങ്ങും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോട്സെ, പീറ്റർ, എയ്ഡൻ മാക്രം, മാർക്കോ യാൻസൻ, ആൻഡിൽ സിമെലൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


.
.

.
.

pathram desk 2:
Related Post
Leave a Comment