എഡിഎമ്മിൻ്റ മരണം: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ… ക്വാർട്ടേഴ്സിലേക്ക് എപ്പോൾ പോയി? ദിവ്യ പുറത്തുവിടാനിരുന്ന തെളിവുകൾ എന്താണ്..? കലക്ടർക്ക് മുൻകൂട്ടി അറിഞ്ഞോ..?

കണ്ണൂർ: എഡിഎം കെ.നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയുണ്ട്. പത്തനംതിട്ടയിലേക്കു തിരിക്കേണ്ടിയിരുന്ന നവീൻബാബുവിനെ ഡ്രൈവർ തിങ്കളാഴ്ച വൈകിട്ട് 6ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് 200 മീറ്റർ അകലെ മുനീശ്വരൻ കോവിലിനരികിൽ ഇറക്കുന്നു. എഡിഎം ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു ഇത്. കാസർകോട്ടുനിന്നു സുഹൃത്ത് എത്താനുണ്ടെന്നും അദ്ദേഹത്തോടൊപ്പം പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്കു പോകുമെന്നുമാണു ഡ്രൈവറോടു പറഞ്ഞത്. ഇവിടെനിന്നു പള്ളിക്കുന്നിലേക്ക് 3 കിലോമീറ്റർ.

പിറ്റേന്നു രാവിലെ 7 മണിക്കാണ് ക്വാർട്ടേഴ്സിൽ നവീൻബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് അരികിൽനിന്നു നവീൻബാബു ക്വാർട്ടേഴ്സിലേക്ക് എപ്പോൾ പോയി? എങ്ങനെ പോയി? ഓട്ടോറിക്ഷയോ ടാക്സിയോ വിളിച്ചതായി ഡ്രൈവർമാർ ആരും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം വാഹനത്തിൽ കൊണ്ടുവിട്ടതായും ആരും പറഞ്ഞിട്ടില്ല. കാസർകോട്ടുനിന്ന് എത്തുമെന്നു പറഞ്ഞ സുഹൃത്ത് ആരായിരുന്നു എന്നതും അജ്ഞാതം. എപ്പോൾ ക്വാർട്ടേഴ്സിലെത്തിയെന്ന് അയൽക്കാർക്കും അറിയില്ല.

ക്യാമറയിൽ പതിഞ്ഞില്ലേ?

റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് നവീൻബാബു ഒരു വാഹനത്തിലും കയറാതെ നടന്നുപോയോ? അങ്ങനെയെങ്കിൽ പൊലീസിന്റെയോ സ്വകാര്യ കെട്ടിടങ്ങളിലെയോ സിസിടിവി ക്യാമറകളിൽ നവീൻബാബുവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടോ? ഇതുവരെ ഒന്നും പുറത്തുവന്നിട്ടില്ല.

മുനീശ്വരൻ കോവിലിനു മുന്നിൽനിന്ന് ആദ്യം റെയിൽവേ സ്റ്റേഷനിലേക്കാണോ ക്വാർട്ടേഴ്സിലേക്കാണോ പോയത്? രാത്രി 8.55ന് ഉള്ള മലബാർ എക്സ്പ്രസിലായിരുന്നു ടിക്കറ്റ്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം പിന്നീട് തീരുമാനം മാറ്റി ക്വാർട്ടേഴ്സിലേക്കു പോയോ? ട്രെയിനിൽ കയറിയ ശേഷം ഇടയ്ക്ക് ഇറങ്ങുകയോ ആരെങ്കിലും നിർബന്ധിച്ച് ഇറക്കുകയോ ചെയ്തോ? നവീൻബാബു ട്രെയിനിൽ കയറിയതായി ടിടിഇ രേഖപ്പെടുത്തിയിട്ടില്ല.

ഫോണിൽ ആരൊക്കെ?

തന്റെ വിധി നിർണയിച്ച രാത്രിയിൽ നവീൻബാബു ആരെയൊക്കെ ഫോണിൽ വിളിച്ചു? ആരെല്ലാം അദ്ദേഹത്തെ വിളിച്ചു? സുഹൃത്തുക്കളിലൊരാൾ രാത്രി വിളിച്ചെങ്കിലും ഫോൺ അറ്റൻഡ് ചെയ്തിരുന്നില്ല. ഫോണിലൂടെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ? ഇക്കാര്യങ്ങൾ വ്യക്തമാകണമെങ്കിൽ ഫോൺ പരിശോധിക്കണം. ഫോൺ പൊലീസിന്റെ കസ്റ്റഡിയിലാണ്.

എന്തായിരുന്നു ആ ബോംബ്?

‘വെയ്റ്റ്, വെറും 2 ദിവസം കാത്തിരിക്കണം’ – നവീൻബാബുവിനെതിരെ എന്തോ പുറത്തുവിടാനുണ്ട് എന്ന ഭീഷണിസ്വരത്തിൽ പി.പി.ദിവ്യ പ്രസംഗിച്ച വാക്കുകളാണിത്. രണ്ടല്ല, 4 ദിവസം കഴിഞ്ഞു. ദിവ്യ പറഞ്ഞ ആ ‘തെളിവുകൾ’ എന്താണ്?

നാലരക്കോടി എവിടെനിന്ന്?

ശ്രീകണ്ഠപുരത്തിനു സമീപം ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണു വിലയിരുത്തൽ. പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായ ടി.വി.പ്രശാന്തന് ഇത്രയും പണമുണ്ടോ? ഇല്ലെങ്കിൽ ഈ പണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിച്ചത്? അല്ലെങ്കിൽ പ്രശാന്തനെ മുന്നിൽനിർത്തി പണംമുടക്കാനിരുന്ന ബെനാമി ആരാണ്?

പമ്പ് ദിവ്യയുടെ ഭർത്താവിന്റേതോ?

ദിവ്യയുടെ ഭർത്താവ് അജിത്തിന്റേതാണ് പെട്രോൾ പമ്പ് എന്ന പ്രതിപക്ഷ ആരോപണത്തിൽ ദിവ്യയ്ക്കും ഭർത്താവിനും എന്താണു പറയാനുള്ളത്? ഇരുവരും ഇതുവരെ മാധ്യമങ്ങളെ കാണുകയോ ഇതുസംബന്ധിച്ചു വിശദീകരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, പെട്രോൾ പമ്പിന്റെ സ്ഥലത്തിന്റെ പാട്ടക്കരാർ ഒപ്പിടാൻ പ്രശാന്തനൊപ്പം അജിത്തും എത്തിയതായി പറയുന്നു. എന്തിനാണ് അജിത്ത് ഒപ്പം പോയത്?

പ്രസംഗദൃശ്യം പ്രചരിപ്പിച്ചോ?

ദിവ്യ ആവശ്യപ്പെട്ടതുപ്രകാരമാണോ യാത്രയയപ്പുവേദിയിൽ ക്യാമറമാൻ എത്തി പ്രസംഗത്തിന്റെ വിഡിയോ പകർത്തിയത്. എഡിഎമ്മിന്റെ മൊബൈൽ ഫോണിലേക്ക് ഈ വിഡിയോ ആരെങ്കിലും അയച്ചിരുന്നോ? അയച്ചെങ്കിൽ ആര്? പൊതുപരിപാടി അല്ലാതിരുന്നിട്ടും സംഘാടകർ ഏർപ്പെടുത്താത്ത ക്യാമറമാൻ ഉള്ളിൽക്കടന്ന് വിഡിയോ പകർത്തിയപ്പോൾ കലക്ടർ വിലക്കാതിരുന്നത് എന്തുകൊണ്ട്?

കലക്ടർ മുൻകൂട്ടി അറിഞ്ഞോ?

യാത്രയയപ്പു ചടങ്ങിലേക്ക് പി.പി.ദിവ്യയെ കലക്ടർ അരുൺ കെ.വിജയൻ ക്ഷണിച്ചിരുന്നോ? നവീൻബാബുവിനെക്കുറിച്ച് ദിവ്യയ്ക്കു പരാതിയുണ്ടെന്ന കാര്യം കലക്ടർ ‍നേരത്തേ അറിഞ്ഞിരുന്നോ?

K. Naveenbabu Suicide: Unanswered Questions Haunt Kannur Naveen Babu Death PP Divya
Kerala News Malayalam News

pathram desk 1:
Related Post
Leave a Comment