പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. പത്തനംതിട്ട മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. കൊലപാതകിയാണ് അവര്‍ എന്ന് പറയേണ്ടിവരും. മുഴുവന്‍ ആളുകള്‍ക്കും നല്ലസേവനം നല്‍കിയ ഒരു ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ക്രിമിനല്‍ കുറ്റത്തിന് അര്‍ഹയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
കണ്ണൂര്‍ എ.ഡി.എമ്മായി വന്നകാലം മുതല്‍ പലകാര്യങ്ങള്‍ക്കായി അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഒരുപാട് ഉദ്യോഗസ്ഥരെ വിളിക്കാറുണ്ടെങ്കിലും നവീന്‍ ബാബുവില്‍നിന്ന് കിട്ടിയ സ്‌നേഹം മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടായിട്ടില്ല. ഒരു ഫയല്‍ അല്‍പ്പം വൈകുന്നുണ്ടെങ്കില്‍ അതിന്റെ കാരണം ഞാന്‍ ചോദിക്കുകപോലും ചെയ്യാതെ എന്നെ വിളിച്ച് അറിയിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്ത് ഞങ്ങളുടെ മനസില്‍ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹമെന്ന് സുധാകരന്‍ പറഞ്ഞു.
ഈ മരണം ആലോചിക്കാന്‍ പോലും സാധിക്കാത്തതാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാട്ടിയത് അതിക്രൂരമായ പ്രവര്‍ത്തിയാണ്. കൊലപാതകിയാണ് അവരെന്ന് പറയേണ്ടിവരും. നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും നല്ല സേവനം നല്‍കിയ കരുത്തുറ്റ ഒരു ഉദ്യോഗസ്ഥന്റെ ജീവിതത്തെ നഷ്ടപ്പെടുത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒരു ക്രിമിനല്‍ കുറ്റത്തിന് അര്‍ഹയാണ്. ഈ ആത്മഹത്യയുടെ പിന്നിലെ പ്രേരണ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദപ്രചരണമാണ്. ഇക്കാര്യത്തില്‍ പോലീസിന്റെ നടപടി സത്യസന്ധമല്ലെങ്കില്‍ മറ്റ് നിയമനടപടികളിലേക്ക് ഞങ്ങള്‍ പോകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ല. അവര്‍ കാണിച്ച ക്രൂരത ജനാധിപത്യ സംവിധാനത്തില്‍ ആലോചിക്കാന്‍ പറ്റുന്നതാണോ?. അവരെ ക്ഷണിച്ചിട്ടില്ലാത്ത പരിപാടിയാണ്, അവര്‍ അവിടെ വരേണ്ടതല്ല, അവര്‍ എങ്ങനെ അവിടെ വന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം കളക്ടറെ വിളിച്ച് ചോദിച്ചു. ക്ഷണിച്ചിട്ടില്ലാത്ത ഒരാള്‍ അവിടെ വന്നിരിക്കുമ്പോള്‍ നിങ്ങള്‍ അത് ചോദിക്കണ്ടേയെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. ഇത്രയൊക്കെ പറഞ്ഞിട്ടും കളക്ടര്‍ അനങ്ങിയിട്ടില്ല. ഇതെല്ലാം ജനങ്ങള്‍ കാണുന്നതല്ലേയെന്നും സുധാകരൻ ചോദിച്ചു.
കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് ഉന്നയിച്ച ബിനാമി ആരോപണവും സുധാകരന്‍ ശരിവെച്ചു. ഇതൊക്കെ അങ്ങാടിപാട്ടാണ്. അവിടെയുള്ളവര്‍ക്കെല്ലാം ഇതറിയാം. ആന്തൂരിലെ സാജന്‍ എന്ന ഒരു ഗള്‍ഫുകാരന്‍ മുമ്പ് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് ആധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയതായിരുന്നു ആ ഓഡിറ്റോറിയം. അയാളെ കൊന്നുകൊലവിളിച്ചതാണ്. ഇവിടെ ദിവ്യ ആയിരുന്നെങ്കില്‍ അവിടെ ശ്യാമളയായിരുന്നു. അതുകൊണ്ട് ഒരുകാരണവശാലും ഈ കുറ്റം സമൂഹം പൊറുക്കില്ല. എല്ലാവരുടെയും മനസില്‍ ഒരു തീജ്വാലയായി നവീന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പരിപാടികള്‍ക്ക് പുറമെ, കേസുമായി കോടതിയെ സമീപിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ രാജിവെച്ച് പോകണമല്ലോ, ആ പാര്‍ട്ടിയും ക്രൂരന്മാരുടെ പാര്‍ട്ടി ആയതുകൊണ്ടല്ലേ അവര്‍ക്കെതിരേ നടപടി എടുത്ത് പുറത്താക്കാത്തത്. കണ്ണൂരിലെ സി.പി.എം. അവരെ സംരക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് മറുപടി പറഞ്ഞെങ്കിലും ഞാന്‍ അതിന്റെ രാഷ്ട്രിയത്തിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കെതിരേയുള്ള നടപടിയുമായി മുമ്പോട്ട് പോകണം. അത് കാണാനാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈകൂലി കൊടുത്തുവെന്നുള്ള കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണം. ഈ സംഭവം കഴിഞ്ഞയുടന്‍ ഒരാള്‍ റെഡിമെയ്ഡ് പോലെ വന്ന് പറയുന്നുണ്ടെങ്കില്‍ അത് കെട്ടുകഥയാണ്. അയാള്‍ തന്നെ പോയതല്ല, അയാളെ ഇത് പറയാന്‍ വേണ്ടി അയച്ചതാണ്. ഈ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ കുടുംബത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു. ഈ കുടുംബത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും തങ്ങളെ കൊണ്ട് സാധിക്കുന്നതാണെങ്കില്‍ ചെയ്ത് കൊടുക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
KPCC President K.Sudhakaran criticize District Panchayat President over the death of ADM Naveen Babu
Leave a Comment