നാഗ്‌പുർ: ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലദേശിലെ ഹിന്ദുക്കൾക്ക് സഹായം ആവശ്യമാണെന്നും അവർക്കു നേരെയുള്ള ആക്രമണം നല്ലതല്ലെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. നവരാത്രിയുമായി ബന്ധപ്പെട്ട് ആർഎസ്എസ് നാഗ്പുരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസംഗം.
‘‘നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശിൽ എന്താണ് സംഭവിച്ചത്? ഇതിനു ചില കാരണങ്ങളുണ്ടാകാം. ബന്ധപ്പെട്ടവർ അത് ചർച്ച ചെയ്യും. എന്നിരുന്നാലും, ഹിന്ദുക്കൾക്കെതിരെ അതിക്രമം നടത്തുന്ന പാരമ്പര്യം ആവർത്തിച്ചു. ഹിന്ദുക്കൾക്ക് മാത്രമല്ല, ബംഗ്ലദേശിലെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇന്ത്യാ സർക്കാരിന്റെ സഹായം ആവശ്യമാണ്.
ബലഹീനരായിരിക്കുക എന്നത് ഒരു കുറ്റമാണ്. അവരുടെ പ്രദേശത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കേണ്ടത് ബംഗ്ലദേശാണ്. ബംഗ്ലദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണം നല്ലതല്ല. അവിടെ ഹിന്ദുക്കളെ ലക്ഷ്യമിടുകയാണ്. അവർക്ക് സഹായം ആവശ്യമാണ്. അവർക്ക് ഇന്ത്യയിൽനിന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്’’ – മോഹൻ ഭാഗവത് പറഞ്ഞു.
സമൂഹത്തെ സംബന്ധിച്ച് ഏറ്റവും നാണംകെട്ട സംഭവമാണ് ആർജി കർ ആശുപത്രിയിൽ നടന്ന ബലാത്സംഗ കൊലപാതകമെന്നും മോഹൻ ഭാഗവത് പറഞ്ഞു. സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ കുറ്റകൃത്യം നടന്നിട്ടും ഇരയ്ക്ക് നീതി നിഷേധിക്കപ്പെട്ടത് സമൂഹത്തെ നിരാശപ്പെടുത്തുന്നതാണ്. സാമൂഹിക ഐക്യത്തിനു ജാതികൾക്കും മതങ്ങൾക്കും അതീതമായി വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള സൗഹൃദം ആവശ്യമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.
അതേസമയം, ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ഒരു ഭാഷ മാത്രമാണ് ഏറ്റവും മഹത്തരമെന്ന് പറയുന്നത് തെറ്റാണ് . ഇന്ത്യയിൽ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷകളാണ്. ഒരു ഭാഷയെ അടിച്ചേൽപ്പിക്കുന്നത് തെറ്റാണ്. മലയാളവും തമിഴുമെല്ലാം ദേശീയ ഭാഷകളാണ്. എല്ലാ ഭാഷകളുടെയും ആശയം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയാണ് ആർഎസ്എസിന്റെ ഏറ്റവും മുതിർന്ന നേതാവായ സുരേഷ് ഭയ്യാജി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. തെക്കേ ഇന്ത്യൻ ഭാഷകളുടെ പേരുകൾ എടുത്തു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Mohan Bhagwat claims international conspiracy against India says foreign nations do not want to see India develop
Mohan Bhagwat India News Bangladesh rss
Leave a Comment