ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി നടൻ സിദ്ദിഖിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. രണ്ടാഴ്ചത്തേക്ക് നടന്റെ അറസ്റ്റ് കോടതി തടഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു.
തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. പരാതി സിനിമയിലെ ചേരിപ്പോരിന്റെ ഭാഗമാണ് പരാതിയെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയ ഹാജരായി. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരായി.
A.M.M.A യും, WCC യും തമ്മിൽ നടക്കുന്ന തർക്കത്തിന്റെ ഇരയാണ് താൻ എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷ. സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ് പി മെറിൻ ജോസഫ് ഡൽഹിയിൽ എത്തി സർക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
സിദ്ദിഖിനെതിരെ ഇതുവരെ നടന്ന അന്വേഷണത്തിന്റെ പുരോഗതി സുപ്രിംകോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിജീവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരായി.
SC to hear Siddique anticipatory bail plea today sexual assault case Siddique supreme court Siddique Me Too in Malayalam Film Kerala News Supreme Court
Leave a Comment