തൃശൂർ: പീഡന കേസിൽപെട്ടിട്ടും പിണറായിയുടെ പിന്തുണയോടെ സിപിഎം സംരക്ഷിച്ച് പോരുന്ന നടനും എംഎൽഎയുമായ എം.മുകേഷിനെതിരെ വീണ്ടും എഫ്ഐആർ. മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ വടക്കാഞ്ചേരി പൊലീസാണു കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിനു നടി നൽകിയ പരാതി വടക്കാഞ്ചേരി പൊലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണിത്. വടക്കാഞ്ചേരി എങ്കക്കാട് ഭാഗത്ത് 8 വർഷം മുൻപു ഷൂട്ടിങ് നടക്കുമ്പോൾ സ്വകാര്യ ഹോട്ടലിൽവച്ചു മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതിയുടെ ഉള്ളടക്കം.
‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. മുകേഷ് കയറിപ്പിടിച്ചെന്നാണു നടിയുടെ മൊഴി. കേസ് എടുത്തെങ്കിലും തുടരന്വേഷണം പ്രത്യേകസംഘമാണു നടത്തുക. മുകേഷിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. പീഡനം നടന്നതായ മൊഴിയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ മരടിലുള്ള വില്ലയിൽ ഇന്നലെ തെളിവെടുപ്പ് നടത്തി. മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനാണു നീക്കം. തിങ്കളാഴ്ചയാണു മുകേഷിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി പരിഗണിക്കുക.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ മുകേഷിന്റെ എംഎൽഎ സ്ഥാനം തൽക്കാലം സംരക്ഷിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ, സിനിമാ നയരൂപീകരണ സമിതിയിൽനിന്നു പുറത്താക്കി. ധാർമികതയുടെ പേരിൽ എംഎൽഎ സ്ഥാനം രാജിവച്ചാൽ നിരപരാധിയാണെന്നു തെളിഞ്ഞാൽ ആ സ്ഥാനം തിരികെ കിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ന്യായീകരണം. രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയാണെങ്കിലും അവരാരും രാജിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment