കോഴിക്കോട്: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനും എതിരായി പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതും ഗൗരവമുള്ളതുമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും എഡിജിപിയും ചേർന്നു വലിയ ക്രിമിനൽ സംഘത്തിനു നേതൃത്വം കൊടുക്കുകയാണെന്നും ആ സംഘമാണു കേരളത്തിലെ എല്ലാ കുറ്റകൃത്യങ്ങളും നടത്തുന്നത് എന്നുമാണ് അൻവറിന്റെ ആരോപണം. ഇതിൽ മുഖ്യമന്ത്രി മറുപടി പറയണം.
സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എംഎൽഎയാണ് അൻവർ. ഒരുപാട് പ്രിവിലേജുകൾ ഉള്ള എംഎൽഎ ആയതിനാലാണ് അൻവറിനെതിരെ റവന്യു ഉദ്യോഗസ്ഥരും കോടതിയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ചു നിർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും എഡിജിപി എം.ആർ.അജിത് കുമാറും ചേർന്ന സംഘമാണ് സംസ്ഥാനത്ത് ആളുകളെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യുന്നത്, സ്വർണക്കടത്ത് കേസിലെ പ്രതികളെ അപായപ്പെടുത്തുന്നത് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിൽ ക്രമസമാധാനത്തിന് നേതൃത്വം നൽകാൻ ചുമതലയുള്ള എഡിജിപിയെ എംഎൽഎ വിശേഷിപ്പിച്ചിരിക്കുന്നത് ദാവൂദ് ഇബ്രാഹിമിനു സമാനമായിട്ടാണ്. ഇത്രയും ഗുരുതര ആരോപണങ്ങൾ മുഖ്യമന്ത്രിക്കും എതിരായിട്ടുള്ളതാണ്. മന്ത്രിമാരുടെ ഫോൺ കോളുകൾ എഡിജിപി ചോർത്തുന്നു എന്നതാണ് ഏറ്റവും ഗുരുതര ആരോപണം. മന്ത്രിമാരേക്കാൾ വലിയ ആരോ ഒരാളായിരിക്കാം എഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്. അത് മുഖ്യമന്ത്രി ആണോ എന്നു വ്യക്തമാക്കണമെന്നും രമേശ് പറഞ്ഞു.
M T Ramesh calls-for transparency amidst kerala criminal allegations
Leave a Comment