കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് മാധ്യമങ്ങളെ കാണാനുള്ള നിര്‍ദേശം ഉയര്‍ന്നെങ്കിലും ‘അമ്മ’യിലെ ചില അംഗങ്ങള്‍ എതിര്‍ത്തതു മൂലമാണ് അത് നടക്കാതെ പോയതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണന്‍. ”റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട് കാണണമെന്ന് അറിയിച്ചിരുന്നു. കാരണം സിനിമ മേഖലയെ ബാധിക്കുന്ന കാര്യമാണ്. അതിനുശേഷമാണ് എല്ലാ സംഘടനകള്‍ക്കും കൂടി മാധ്യമങ്ങളെ കാണാമെന്ന ഒരു നിര്‍ദേശം മുന്നോട്ടുവച്ചത്. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും ചര്‍ച്ച നടത്തുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന മമ്മൂട്ടിയും അടിസ്ഥാനപരമായി ഇതിനോട് യോജിപ്പുള്ളവരായിരുന്നു.
എന്നാല്‍ അമ്മയിലെ ചില അംഗങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അതാണ് ആ കൂടിക്കാഴ്ച നടക്കാതെ പോയത്. അവര്‍ പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ പുരോഗമനമുഖവുമായി വരുന്നതും കണ്ടു.” ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയും അതിന്റെ ജനറല്‍ സെക്രട്ടറിയും മൗനം പാലിക്കുന്നു എന്ന ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ”21 യൂണിയനുകളുടെയും ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി ഇത്രയും ദൂരവ്യാപക അനന്തരഫലങ്ങളുണ്ടാക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് എല്ലാവരേയും കേട്ടിട്ടായിരിക്കണം എന്നത് സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനമാണ്. അങ്ങനൈയാണ് ആ സംസാരം ഞാന്‍ മാറ്റിവയ്ക്കുന്നത്” അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം..!! ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചു..!! സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണം..
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തുവരികയും നിയമപരമായ നടപടികളിലൂടെ അവര്‍ കടന്നു പോവുകയും വേണമെന്ന ഫെഫ്കയുടെ അഭിപ്രായം ആവര്‍ത്തിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഫെഫ്കയുടെ അംഗങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ വരുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍നിലപാട് തന്നെയാണ് സംഘടനയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതു കൊണ്ടു മാത്രം നടപടികളിലേക്ക് പോവില്ല. പല വിഷയങ്ങളുമായും ബന്ധപ്പെട്ട് എഫ്‌ഐആറുകള്‍ ഇടാറുണ്ട്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ കോടതിയില്‍ നിന്ന് പരാമര്‍ശമോ അറസ്റ്റോ ഉണ്ടായാല്‍ ആ അംഗം സസ്‌പെന്‍ഡ് ചെയ്യപ്പെടും. നിരപരാധത്വം തെളിയിച്ചതിനു ശേഷമേ അംഗത്വം തിരികെ കിട്ടൂവെന്ന് അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഫെഫ്കയിലെ വിവിധ സംഘടനകളുടെ യോഗം നടന്നു വരികയാണ്. ഇതിനകം 4 സംഘടനകളുടെ യോഗം കഴിഞ്ഞെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ”ഓരോ യൂണിയനും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് വിശകലനം നടത്തണം. അതിനു ശേഷം അവ ക്രോഡീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട് തയാറാക്കും. 2,3,4 തീയതികളിലായി ഇത് പൂര്‍ത്തിയാക്കാനും ഏഴിന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുമാണ് ആലോചിക്കുന്നത്. ഓരോ യൂണിയനിലെയും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സ്ത്രീകളുടെ യോഗം വിളിച്ചിരുന്നു. അതില്‍ ചിലരുമായി നേരില്‍ക്കണ്ടു. അതിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാവും. അത് വരുന്ന റിപ്പോര്‍ട്ടിലും ഉണ്ടാവും.” ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചും സംഘടന കമ്മിഷന്‍ ചോദിച്ചു എന്ന ആരോപണത്തെക്കുറിച്ചും ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ”ഇന്ത്യയിലെ മുഴുവന്‍ ഫെഡറേഷനുകളിലും ധനകാര്യ തര്‍ക്കമുണ്ടാകുന്ന വേളയില്‍ യൂണിയന്‍ ഇടപെടുകയും അര്‍ഹതപ്പെട്ടത് വാങ്ങിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ 10 ശതമാനം കമ്മിഷന്‍ സംഘടനയുടെ ക്ഷേമനിധിയിലേക്ക് നല്‍കുന്ന കീഴ്‌വഴക്കമുണ്ട്. അത് മാത്രമാണ് യൂണിയന്റെ വരുമാനം. ചികിത്സാ സഹായമായും മരിച്ചു കഴിയുമ്പോഴും വിരമിക്കുമ്പോഴുമൊക്കെ അംഗങ്ങള്‍ക്ക് നല്‍കുന്ന പൈസയില്‍ ഇതുമുണ്ട്. ചിലര്‍ അതില്‍ ബുദ്ധിമുട്ട് അറിയിച്ച് 5 ശതമാനം തരാം എന്നൊക്കെ പറയാറുണ്ട്. അത് ഞങ്ങള്‍ അംഗീകരിക്കാറാണ് പതിവ്. അതാണ് ആഷിഖിനോടും പറഞ്ഞത്. ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ സിനിമയുടെ എഴുത്തുകാരായ ശ്യാം പുഷ്‌കരനും ദിലീഷ് നായരും അക്കാര്യം പാലിക്കുകയും ചെയ്‌തെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Leave a Comment